കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരെയാണ് ആലപ്പുഴയില്‍ നിന്നും ശാസ്താംകോട്ട പോലിസ് പിടികൂടിയത്. കുന്നത്തൂര്‍ പടിഞ്ഞാറ് ഗോപി വിലാസത്തില്‍ ഗോപുവിന്റയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദികൃഷ്ണനെ (15) ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്കാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥിയായ മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു എന്നാരോപിച്ച് ഗീതുവും സുരേഷും ആദികൃഷ്ണനെ വീട്ടിലെത്തി മര്‍ദ്ദിച്ചിരുന്നു. മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.
സംഭവത്തില്‍ ഗീതുവിന്റെയും സുരേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ ഇവരെ കാണാതായി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയിരിക്കുന്നത്.