ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം; മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം; വീട്ടുടമയായ ഡോക്ടറുടെ മൊഴി ഇന്ന് എടുക്കും
ചോറ്റാനിക്കര: ഇരുപത് വര്‍ഷമായി താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠന ആവശ്യത്തിന് ഉപയോഗിച്ചതാണോ എന്ന സംശയത്തില്‍ പോലിസ്. വര്‍ഷങ്ങളായി കൊച്ചി നഗരത്തില്‍ താമസിക്കുന്ന വീട്ടുടമയായ ഡോ. ഫിലിപ് ജോണിന്റെ മൊഴിയെടുത്താലേ ഇക്കാര്യം വ്യക്തമാവൂ. ഇന്ന് ഹാജരായി മൊഴി നല്‍കാന്‍ പോലിസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൂന്നു കവറുകളിലായി സൂക്ഷിച്ച നിലയിലാണ് ഫ്രിഡ്ജില്‍നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതെന്നും പോലിസ് അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വാരിയെല്ലുകള്‍ പ്രത്യേകം കവറിലും കൈകാലുകളിലെ വിരലുകള്‍ മറ്റൊരു കവറിലുമാക്കിയ നിലയിലാണ് സൂക്ഷിച്ചിരുന്നത്. കാല്‍ മുട്ടിലെ ചിരട്ടകള്‍ പൊടിഞ്ഞുപോയ നിലയിലായിരുന്നു. ഇനി മെഡിക്കല്‍ പഠന ആവശ്യത്തിന് സൂക്ഷിച്ചതാണെങ്കിലും മൃതദേഹമോ അസ്ഥിക്കൂടമോ എങ്ങനെ വീട്ടില്‍ എത്തിയെന്ന കാര്യവും പോലിസ് പരിശോധിക്കും.
ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്തെ 14 ഏക്കര്‍ വസ്തുവിലെ ആള്‍ത്താമസമില്ലാതെ കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് ഇന്നലെ അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. ഉടമയായ ഡോ. ഫിലിപ് ജോണ്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ഈ വീട് പൊളിച്ച് ആശുപത്രി നിര്‍മിക്കാനുള്ള പദ്ധതി ഫിലിപ് ജോണ്‍ തയ്യാറാക്കിയിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.