ആം ആദ്മി എംഎല്‍എയുടെ വസതിയില്‍ ആദായ നികുതി റെയ്ഡ്; 2.56 കോടി പിടിച്ചെടുത്തു
ഉദ്ദം നഗറില്‍നിന്നുള്ള എംഎല്‍എ നരേഷ് ബല്യാണിന്റെ വീട്ടില്‍നിന്നാണ് 2.56 കോടി രൂപ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു എംഎല്‍എയുടെ ഡല്‍ഹിയിലെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികള്‍ പിടിച്ചെടുത്തു. ഉദ്ദം നഗറില്‍നിന്നുള്ള എംഎല്‍എ നരേഷ് ബല്യാണിന്റെ വീട്ടില്‍നിന്നാണ് 2.56 കോടി രൂപ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു എംഎല്‍എയുടെ ഡല്‍ഹിയിലെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എംഎല്‍എയെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലുള്ള ഒരു കെട്ടിടനിര്‍മാതാവിനെ ചോദ്യം ചെയ്തതില്‍നിന്നുമാണ് എംഎല്‍എയുടെ കൈവശം പണമുണ്ടെന്ന് വിവരം ലഭിച്ചത്.
എംഎല്‍എ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും ഇത് കണക്കില്‍പ്പെടാത്ത പണമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ റെയ്ഡാണിതെന്ന് എഎപി നേതാവ് സൗരവ് ഭരദ്വാജ് ആരോപിച്ചു. മുമ്പും നിരവധി റെയ്ഡുകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ എംഎല്‍എയുടെ ഇമേജ് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. രാഷ്ട്രീയപ്രേരിതമായി റെയ്ഡുകള്‍ നടത്തുന്നത് ആര്‍ക്കും നല്ലതല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.