അബ്ദുൽ ഷമീർ പശുഭീകരതയ്ക്ക് ഇരയായി ചലനമറ്റ് അഞ്ചുവർഷം
കര്‍വന്‍ ഇ മുഹബ്ബത്ത് എന്ന കൂട്ടായ്മയാണ് അബ്ദുല്‍ ഷമീറിന്റെ അനുഭവങ്ങളും ജീവിതവും പുറംലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നത്
മംഗളൂരു: പശു ഭീകരതയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 46 മുസ്‌ലിംകളാണ്. എന്നാല്‍ ആക്രമണത്തിനിരയായി പടുത്തുയര്‍ത്തിയ ജീവിതം തകര്‍ന്നുപോയ നിരവധി ജീവിതങ്ങളുണ്ട്. അതിലൊരാളാണ് അബ്ദുല്‍ ഷമീര്‍. കര്‍ണാടകയിലെ ഉപ്പിനങ്ങാടിയില്‍ നിന്നു മംഗളൂരുവിലേക്ക് കന്നുകാലികളെ കൊണ്ടുപോവുന്നതിനിടെ 2014 ആഗസ്ത് 23നാണ് ഷമീര്‍ ബജ്‌റംഗ്ദള്‍ ആക്രമണത്തിന് ഇരയായത്. ഒരു പൗരനു ലഭിക്കേണ്ട നിയമപരമായ പരിരക്ഷ പോലും ലഭിക്കാതെ കഴിഞ്ഞ അഞ്ചുവര്‍ഷമായി 37കാരന്‍ ജീവിതത്തോട് മല്ലടിക്കുകയാണ്. കര്‍വന്‍ ഇ മുഹബ്ബത്ത് എന്ന കൂട്ടായ്മയാണ് അബ്ദുല്‍ ഷമീറിന്റെ അനുഭവങ്ങളും ജീവിതവും പുറംലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നുയരുന്ന കുറ്റകൃത്യങ്ങള്‍ പുറത്തെത്തിക്കുകയും ഇരകള്‍ക്ക് നിയമസഹായം ഒരുക്കുകയും ചെയ്യുകയാണ് കൂട്ടായ്മ. ഷമീര്‍ നേരിടേണ്ടിവന്ന ഭയാനകമായ സംഭവത്തെ വിവരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ആക്രമണത്തിനുശേഷം ഷമീറിനു ബോധം വീണ്ടെടുക്കാന്‍ നാല് മാസത്തിലേറെ വേണ്ടിവന്നു. രണ്ടു കാലുകളുടെയും ചലനശേഷി ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു. നടക്കണമെങ്കില്‍ പരസഹായം കൂടിയേ തീരു. നരകയാതനകളാണ് ഷമീര്‍ അനുഭവിക്കുന്നതെന്ന് ഡോക്യുമെന്ററി സാക്ഷ്യപ്പെടുത്തുന്നു. അക്രമികളില്‍ ഒരാള്‍ അയാളുടെ സുഹൃത്താണ്. അവനുമൊത്ത് മുമ്പ് താജ് ഹോട്ടലില്‍ ഒരുമിച്ച് ബീഫ് കഴിച്ചതും ഷമീര്‍ ഓര്‍മിക്കുന്നു.
ആക്രമിച്ചവരും പോലിസും രഹസ്യധാരണയിലാണെന്ന് ഷമീര്‍ അഭിപ്രായപ്പെടുന്നു. കേസില്‍ അറസ്റ്റിലായ അഞ്ചുപേരെ 2018ല്‍ കോടതി വെറുതെവിട്ടു. എന്നാല്‍, 1964ലെ കര്‍ണാടക ഗോവധ നിരോധന നിയമ പ്രകാരം ഷമീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. വാദി പ്രതിയാവുന്ന ഭയാനകമായ സാഹചര്യമാണ് പശുഭീകരതയ്ക്കു പിന്നിലെന്ന് ഡോക്യൂമെന്ററി തുറന്നുകാട്ടുന്നു.