സുധീരന്‍ അഭിസാരികയെന്ന് അബ്ദുല്ലക്കുട്ടി; വിമര്‍ശിച്ച് ബലറാം, കോണ്‍ഗ്രസിനെ മടുത്തോയെന്നും ചോദ്യം

'ഒറ്റ രാത്രി കൊണ്ട് പാച്ചേനിയെ ഐ ഗ്രൂപ്പില്‍നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശിക്കണ്ട' എന്നാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്

Update: 2019-03-18 19:26 GMT

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് സര്‍വസീമകളും ലംഘിക്കുന്നു. വടകരയും വയനാടും ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഗ്രൂപ്പിസം മൂലം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനെതിരേ നേതൃത്വത്തെ വിമര്‍ശിച്ച കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ പരസ്യമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടി രംഗത്ത്. തിങ്കളാഴ്ച രാത്രി 11.33നു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് വ്യാപക വിമര്‍ശനത്തിനിടയാക്കിയത്. കോണ്‍ഗ്രസ് യുവ എംഎല്‍എ വി ടി ബലറാം ഉള്‍പ്പെടെ പലരും അബ്ദുല്ലക്കുട്ടിയെ വിമര്‍ശിച്ചു. കോണ്‍ഗ്രസിനെയും മടുത്തോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 'ഒറ്റ രാത്രി കൊണ്ട് പാച്ചേനിയെ ഐ ഗ്രൂപ്പില്‍നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശിക്കണ്ട' എന്നാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതേത്തുടര്‍ന്നുണ്ടായ കമ്മന്റുകളും അതിനുള്ള മറുപടിയുമെല്ലാം സംസ്ഥാന കോണ്‍ഗ്രസിലെയും കണ്ണൂരിലെയും ഗ്രൂപ്പ് രാഷ്ട്രീയത്തെ പുതിയ തലത്തിലേക്ക് എത്തിക്കുകയാണ്.
       നേതാക്കള്‍ പരസ്പരം പഴിചാരുന്നത് നിര്‍ത്തണമെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും പലരും ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന മറുപടിയും അബ്ദുല്ലക്കുട്ടി നല്‍കുന്നുണ്ട്. അനവസരത്തിലുള്ള പോസ്റ്റാണെന്നും പിന്‍വലിക്കുന്നതാണ് ഉചിതമെന്നും വി ടി ബലറാം ആവശ്യപ്പെട്ടെങ്കിലും ഉറച്ചുനില്‍ക്കുകയാണ്. ഒറിജിനല്‍ പ്രൊഫൈല്‍ തന്നെയാണോ അതോ സിപിഎമ്മുകാര്‍ ഹാക്ക് ചെയ്തതാണോയെന്ന സംശയത്തിനു അല്ലെന്നും മറുപടി നല്‍കിയിട്ടുണ്ട്.

പണ്ട് സുധീരനെ ചൊറിഞ്ഞതിനു സോറി പറഞ്ഞത് മറന്നുപോയോ എന്ന കമ്മന്റിന് അതൊന്നും പ്രശ്‌നമല്ലെന്നായിരുന്നു മറുപടി. പോസ്റ്റ് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിനാണ് 'അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം സഹിക്കുന്നില്ലെന്ന്' അബ്ദുല്ലക്കുട്ടി മറുപടി നല്‍കിയിട്ടുള്ളത്. സീറ്റ് കിട്ടാത്തതിനാലാണല്ലേ വിമര്‍ശനമെന്നും ചെറുപ്രായത്തില്‍ രണ്ടു തവണ എംപിയാക്കിയ സിപിഎമ്മിനെ കുത്തിയതിനുള്ള ശാപമാകാം, ഇനി ഗ്രൂപ്പൊക്കെ കളിച്ച് കാലം കഴിച്ചുകൂട്ടാം എന്ന കമ്മന്റിന് ഉം എന്നായിരുന്നു മറുപടി. തൊട്ടുതാഴെയായി കോണ്‍ഗ്രസിനെയും മടുത്തോ എന്ന ചോദ്യത്തിനു മിണ്ടാട്ടമില്ല. പോസ്റ്റിന് ഒരു മണിക്കൂര്‍ കൊണ്ട് ആയിരം കമ്മന്റും 119 ഷെയറും 487 ഇമോജികളുമാണുണ്ടായത്.

   

    കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കുന്നില്ലെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ അബ്ദുല്ലക്കുട്ടിക്കു നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സുധാകരനെത്തിയതോടെ കാസര്‍കോട്ടായി നോട്ടം. അവിടെ ഉണ്ണിത്താന്‍ വന്നതോടെ എല്ലാം കൈവിട്ടെന്നു ബോധ്യപ്പെട്ടതോടെയാണ് വിമര്‍ശനമെന്നാണ് ചിലരുടെ അഭിപ്രായം. കണ്ണൂര്‍ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അഞ്ചു തവണത്തെ വിജയത്തിനു സിപിഎം തടയിട്ടത് അബ്ദുല്ലക്കുട്ടിയിലൂടെയായിരുന്നു. രണ്ടാംതവണയും അബ്ദുല്ലക്കുട്ടി ജയിച്ച ശേഷം, മോദിയെ പ്രകീര്‍ത്തിച്ചതിനാണ് സിപിഎമ്മില്‍ നിന്നു പുറത്തുപോയത്. പിന്നീട് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം ഇടതുപക്ഷത്തില്‍ നിന്ന് കെ സുധാകരന്‍ പിടിച്ചെടുത്തപ്പോള്‍ അബ്ദുല്ലക്കുട്ടിയുടെ വരവാണ് പ്രധാനപ്രചാരണം. ഇതിനു പ്രതിഫലമെന്നോണം സുധാകരന്‍ മല്‍സരിക്കാറുണ്ടായിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ അബ്ദുല്ലക്കുട്ടി എംഎല്‍എയായി. എന്നാല്‍ അതിനുശേഷം തിരിച്ചടികളായിരുന്നു. സരിത കേസ്, ഗ്രൂപ്പ് വിവാദത്തില്‍ സുധാകരനൊപ്പം നില്‍ക്കാത്തത്, തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ തോല്‍വി എന്നിങ്ങനെ തുടര്‍പരാജയങ്ങളും കോണ്‍ഗ്രസില്‍ കാര്യമായ സ്വാധീനമില്ലാതാവുകയും ചെയ്തു. എ ഗ്രൂപ്പിലുണ്ടായിരുന്ന സതീശന്‍ പാച്ചേനിയെ സുധാകരന്‍ ഗ്രൂപ്പിലെത്തിച്ച് ഡിസിസി പ്രസിഡന്റ് പദവി നല്‍കി. കഴിഞ്ഞ തവണ സുധാകരന്റെ കണ്ണൂര്‍ നിയോജക മണ്ഡലം പാച്ചേനിക്കു കൊടുത്തപ്പോള്‍ അബ്ദുല്ലക്കുട്ടിയെ സിപിഎം കോട്ടയായ തലശ്ശേരിയിലേക്ക് തള്ളുകയായിരുന്നു. യാതൊരു അനക്കവും ഉണ്ടാക്കാനായില്ലെന്നു മാത്രമല്ല, കണ്ണൂരില്‍ പാച്ചേനി തോല്‍ക്കുകയും ചെയ്തു. മുല്ലപ്പള്ളിയുമായി മുമ്പേ ഉണ്ടായ പിണക്കം തുടര്‍ന്നതും ഇത്തവണ സീറ്റ് നിഷേധത്തിനു കാരണമായി. എല്ലാംകൊണ്ടും കോണ്‍ഗ്രസില്‍ അവണന നേരിട്ടതോടെയാണ് സുധീരനെതിരേയെന്ന പേരില്‍ കെപിസിസി വൈസ് പ്രസിഡന്റ് കെ സുധാകരനെയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെയും പരോക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയത്. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുറപ്പാണ്.



Tags:    

Similar News