ഇഡി റെയ്ഡ് വിമര്‍ശകരെ നിശബ്ദരാക്കാന്‍; ഹര്‍ഷ് മന്ദറിന് ഐക്യദാര്‍ഢ്യവുമായി 600 ഓളം മനുഷ്യാവകാശ- സാമൂഹിക പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ഹര്‍ഷ് മന്ദറിന്റെ ഓഫിസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്. അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 600 പേരാണ് ഹര്‍ഷ് മന്ദറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിനെതിരായ എല്ലാ വിമര്‍ശകരെയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഹര്‍ഷ് മന്ദറിന്റെ വസതിയിലും ഓഫിസിലും നടത്തിയ ഇഡിയുടെയും ഐടി വകുപ്പിന്റെയും റെയ്‌ഡെന്ന് പിന്തുണ അറിയിച്ചുള്ള സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ നിയമവും നിലനില്‍ക്കും. ഈ ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങള്‍ക്ക് പിന്നില്‍ കൃത്യമായി എന്താണെന്ന് വെളിപ്പെടുത്തുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് നമ്മുടെ എല്ലാ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു- പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ചരിത്രകാരന്‍ രാജ്‌മോഹന്‍ ഗാന്ധി, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഇന്ദിര ജെയ്‌സിങ്, ആക്ടിവിസ്റ്റ് മേധാ പട്കര്‍, സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രെസ് എന്നിവരടക്കം 600 ഓളം പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി മന്ദറും അദ്ദേഹം നയിക്കുന്ന ഇക്വിറ്റി സ്റ്റഡീസ് സെന്ററും ഒന്നിലധികം സംസ്ഥാന ഏജന്‍സികളുടെ തുടര്‍ച്ചയായ പീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഈ പ്രതികാര ശ്രമങ്ങളെല്ലാം പണം വകമാറ്റിയതിനോ നിയമലംഘനം കണ്ടെത്തിയതിന്റെയോ പേരിലല്ല. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തല്‍ മാത്രമാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വിമര്‍ശകരെയും നിശബ്ദരാക്കാന്‍ വേണ്ടിയാണിതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹി പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി റെയ്ഡുകള്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
വസന്ത് കുഞ്ചിലെ മന്ദറിന്റെ വീടും അഡ്ചിനിയിലെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിലെ ഓഫിസും ഒരേസമയം റെയ്ഡ് ചെയ്തു. അദ്ദേഹത്തിന്റെ എന്‍ജിഒ നടത്തുന്ന കുട്ടികള്‍ക്കായുള്ള രണ്ട് ഹോമുകളിലും പരിശോധന നടത്തി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ച ഡല്‍ഹി പോലിസ് എഫ്‌ഐആറില്‍ ഡല്‍ഹിയിലെ മെഹ്‌റൗലിയിലെ രണ്ട് കുട്ടികളുടെ വീടുകളായ ഉമീദ് അമന്‍ ഘര്‍ (ആണ്‍കുട്ടികള്‍ക്കായി), ഖുഷി റെയിന്‍ബോ ഹോം (പെണ്‍കുട്ടികള്‍) എന്നിവയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി പോലിസ് ആരോപിക്കുന്നു.
വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപിടിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് ഇഡി അന്വേഷണം നടത്തുന്നത്. ഇവ മൂന്നും 'ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍' ആയതിനാല്‍ ഏജന്‍സിക്ക് ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാനും കഴിയും. മന്ദറും ഭാര്യയും ജര്‍മനിയിലേക്ക് പോയി മണിക്കൂറുകള്‍ക്കുശേഷമാണ് റെയ്ഡ് നടത്തിയത്.