നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി

മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന് നേരത്തെ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.

Update: 2022-07-05 05:26 GMT
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി.കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയിട്ടുണ്ടെയെന്നും ഇത് പരിശോധിക്കണമെന്നുവാശ്യപ്പെട്ടു ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. മെമ്മറി കാര്‍ഡ് രണ്ടു ദിവസത്തിനകം സംസ്ഥാന ഫൊറിന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നും ഏഴു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന് നേരത്തെ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായായിരുന്നു അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതില്ലെന്നു വ്യക്തമാക്കി പുറപ്പെടുവിച്ച വിചാരണ കോടതി ഉത്തരവില്‍ ഇടപെടണമെന്നു അതിജീവിതയും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്നും കേസിലെ തുടരന്വേഷണവും വിചാരണയും വൈകിപ്പിക്കുയെന്നതാണ് പ്രോസിക്യുഷന്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു കേസിലെ പ്രതിയായ നടന്‍ ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

എന്നാല്‍ കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും മെമ്മറികാര്‍ഡിന്റെ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേട്ട കോടതി കഴിഞ്ഞ ദിവസം ഹരജി വിധി പറയാന്‍ മാറ്റിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Tags:    

Similar News