ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ പരിശോധന തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍; കോടതി ഉത്തരവിട്ടു
ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഫോണുകള്‍ ഇന്ന് തന്നെ പരിശോധനയ്ക്ക് അയച്ചേക്കുമെന്നാണ് വിവരം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ തിരുവനന്തപരും ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഫോണുകള്‍ ഇന്ന് തന്നെ പരിശോധനയ്ക്ക് അയച്ചേക്കുമെന്നാണ് വിവരം. ദിലീപ്,സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടേതടക്കം ആറു ഫോണുകളാണ് പരിധനയ്ക്കായി അയക്കുന്നത്.പ്രതികള്‍ കൈമാറിയിരിക്കുന്ന ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ ശരിയാണോയെന്ന് അറിയുന്നതിനായി ഇവ ഉപയോഗിച്ച് ഫോണ്‍ കോടതിയില്‍ തുറന്ന് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അനുവദിച്ചില്ല.പ്രോസിക്യൂഷന്റെ ആവശ്യത്തെ ദിലീപ് ഇന്നലെ തന്നെ കോടിതിയില്‍ എതിര്‍ത്തിരുന്നു.