അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ശബ്ദ പരിശോധനയ്ക്ക് ദിലീപ് എത്തി

കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന നടത്തുന്നത്.ശബ്ദ പരിശോധനയ്ക്കായി ദിലീപും കൂട്ടു പ്രതികളും ഹാജരാകണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ആലുവ ജുഡിഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Update: 2022-02-08 06:47 GMT

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദ പരിശോധനയ്ക്കായി നടന്‍ ദിലീപും കൂട്ടു പ്രതികളും കാക്കനാട് സ്റ്റുഡിയോയില്‍ എത്തി.കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ പരിശോധന നടത്തുന്നത്.ശബ്ദ പരിശോധനയ്ക്കായി ദിലീപും കൂട്ടു പ്രതികളും ഹാജരാകണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ആലുവ ജുഡിഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഹാജരായിരിക്കുന്നത്.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍,

ഇവിടെ ശേഖരിക്കുന്ന ശബ്ദ സാമ്പിളുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലായിരിക്കും പരിശോധിക്കുകയെന്നാണ് വിവരം.പരിശോധന ഫലം കോടതിയിലേക്കായിരിക്കും അയക്കുക. കേസില്‍ ശബ്ദ പരിശോധന നിര്‍ണ്ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അന്വേഷണ സംഘത്തിനെതിരെ താന്‍ നടത്തിയത് ശാപവാക്കുകളായിരുന്നുവെന്നാണ് ദിലീപ് നേരത്തെ കോടതിയില്‍ അടക്കം വ്യക്തമാക്കിയിരുന്നത്.കഴിഞ്ഞ ദിവസമാണ് കേസില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം,തെളിവുകള്‍ നശിപ്പിക്കരുത്,സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെ വിവിധ കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

അതിനിടയില്‍ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. ഇക്കാര്യം ഇന്നലെ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള വ്യക്തമാക്കിയിരുന്നു.ഹരജി ഇന്ന് നല്‍കിയേക്കുമെന്നാണ് വിവരം.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.നടിയ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗുഢാലോചന നടത്തി,നടിയ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

Tags:    

Similar News