അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന:ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി;ബുധനാഴ്ച വരെ അറസ്റ്റ് വിലക്കി ഹൈക്കോടതി
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്.കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചുവെങ്കിലും ബുധാനാഴ്ചത്തേക്ക് കേസ് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപക്ഷേ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി.ബുധനാഴ്ചയിലേക്കാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. അതുവരെ ദിലീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്.കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചുവെങ്കിലും ബുധാനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.ദിലീപില്‍ നിന്നടക്കം പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധന ഫലം മുഴുവന്‍ കിട്ടിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും ഇതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.ഇത് പരിഗണിച്ച കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റുകയും അതുവരെ ദിലീപ് അടക്കമുള്ള പ്രതികളുടെ അറസറ്റ് പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത്.
ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു,തിരിച്ചറിയാത്ത ഒരു വി ഐ പി എന്നിങ്ങനെയാണ് കേസിലെ പ്രതികള്‍.ഇതില്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളും ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളോട് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് എട്ടുവരെ അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇതില്‍ ലഭിക്കുന്ന വിവരങ്ങളും തെളിവുകളും റിപോര്‍ട്ടായി ഇന്ന് കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതു പ്രകാരം മുന്നു ദിവസം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ക്രൈംബ്രാഞ്ച് സംഘം 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.എന്നാല്‍ ഇന്ന് കേസ് പരിഗണിക്കവെയാണ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റണമെന്ന് പ്രോസിക്യഷന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും വിവരങ്ങളും ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെശ്രമം. ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.ഇതിനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്നും ലഭ്യമാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.