വര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല

Update: 2022-05-01 11:01 GMT

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല. പോലിസ് ആവശ്യപ്പെട്ടിട്ടും സാങ്കേതിക കാരണം പറഞ്ഞാണ് പ്രോസിക്യൂട്ടര്‍ ഹാജരാവാതിരുന്നത്. ജഡ്ജിയുടെ വീട്ടില്‍ നടക്കുന്ന കോടതി നടപടികളില്‍ ഹാജരാകാറില്ലെന്നാണ് പ്രോസിക്യൂട്ടറുടെ വിശദീകരണം. പ്രോസിക്യൂട്ടറുടെ അഭാവത്തെ തുടര്‍ന്ന് വാദങ്ങള്‍ ഉന്നയിച്ചത് പോലിസായിരുന്നു. തുടര്‍ന്ന് മതവിദ്വേഷകരമായ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ ദിവസം തന്നെ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. എന്നാല്‍, കോടതിയില്‍ നിന്ന് ഇറങ്ങിയ ഉടനെ പി സി ജോര്‍ജ് ഉപാധി ലംഘിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി ആവര്‍ത്തിച്ച പി സി ജോര്‍ജ് സര്‍ക്കാരിനെരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ഇന്ന് പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലിസാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പി സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പോലിസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോര്‍ട്ട് പോലിസാണ് വിദ്വേഷ പ്രസംഗക്കേസില്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട്, യൂത്ത് ലീഗ്, ഡിവൈഎഫ്.ഐ ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം, കേസില്‍ പോലിസ് ചുമത്തിയ 153എ യും 295 എയും നിലനില്‍ക്കില്ലെന്നും ഹിന്ദുക്കള്‍ മാത്രമുള്ള അടച്ച മുറിയില്‍ ചില പ്രവണതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയായിരുന്നു താനെന്നും മുന്‍ എം.എല്‍.എ പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദം ഉന്നയിച്ചു. ആരോടും ആയുധം എടുത്ത് പോരാടാന്‍ വിവാദ വേദിയില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായ താന്‍ കടുത്ത പ്രമേഹരോഗിയാണെന്നും ഒളിച്ചോടുന്ന ആളല്ലെന്നും പി.സി. ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. സ്വതന്ത്രനാക്കിയാല്‍ സമാനകുറ്റം ആവര്‍ത്തിക്കുമെന്ന പോലിസ് വാദം കോടതി തള്ളുകയായിരുന്നു.

Tags:    

Similar News