ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജാര്‍ഖണ്ഡില്‍ ദലിത്-ആദിവാസികള്‍ക്കു നേരായ അതിക്രമം തുടങ്ങുന്നതിന്റെ ആദ്യപടിയായി ആദിവാസി പ്രഫസറെ അറസ്റ്റ് ചെയ്തു. 2017ല്‍ ബീഫ് കഴിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്ത് ജീത്ത് റായ് ഹന്‍സ്ദ എന്ന സാക്ച്ചി വിമണ്‍സ് കോളജ് അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിനെതിരേ 2017ലാണ് ജീത്ത്‌റായിക്കെതിരേ എബിവിപി പരാതി നല്‍കിയിരുന്നത്. എന്നാല്‍, ആദിവാസികളും ദലിതരും നിര്‍ണായകമായ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കഴിയാനായി കാത്തിരിക്കുകയായിരുന്നു പോലിസ്. ബീഫിന്റെ പേരില്‍ ദലിത് വേട്ടയാരംഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് കരുതിയാവണം അറസ്റ്റ് വൈകിയതെന്നാണ് ജീത്ത് റായിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2017ല്‍ ഫയല്‍ ചെയ്ത പരാതിയില്‍ മുമ്പ് പലതവണ സാക്ചി പോലിസ് സ്‌റ്റേഷനിലേക്ക് ജീത്ത് റായിയെ വിളിപ്പിച്ചിട്ടുണ്ടെങ്കില്‍ അറസ്റ്റ് ഉണ്ടായിരുന്നില്ല. പ്രമുഖ ആദിവാസി പ്രവര്‍ത്തകനും നാടക കലാകാരനുമാണ് ജീത്ത് റായ്. എന്നാല്‍ കഴിഞ്ഞദിവസം പോലിസ് സ്‌റ്റേഷനിലെത്തിയ ജീത്ത് റായിയെ പോലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ജാമ്യം നല്‍കാന്‍ പോലിസ് വിസ്സമ്മതിച്ചു.
ബീഫ് നിരോധനം പല സംസ്ഥാനങ്ങളിലും നിലവില്‍ വന്ന സമയത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ തങ്ങള്‍ കാലങ്ങളായി ബീഫ് ഇറച്ചി ഭക്ഷിക്കാറുണ്ടെന്നും ഒരു ഭരണകൂടം പറഞ്ഞാല്‍ തങ്ങള്‍ക്കത് ഒഴിവാക്കാനാകില്ലെന്നുമായിരുന്നു ജീത്ത് റായ് കുറിച്ചത്. തങ്ങളുടെ ജനാധിപത്യ, സാംസ്‌കാരിക അവകാശമാണ് ഇറച്ചി ഉപഭോഗം. ഭക്ഷണ സംസ്‌കാരത്തെ തടയുന്ന ഇന്ത്യന്‍ നിയമത്തെ അംഗീകരിക്കില്ലെന്നു പറയുന്ന പോസ്റ്റില്‍ ഹിന്ദു ധര്‍മങ്ങളും ആചാരങ്ങളും തുടരാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
മതങ്ങളെ അപമാനിച്ചെന്നും ആളുകളുടെ ഇടയിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചെന്നും കാട്ടി 153(എ) 295(എ) 505 വകുപ്പുകള്‍ ചുമത്തിയാണ് ജീത്ത് റായിക്കെതിരേ കേസെടുത്തിരിക്കുന്നത്. കൂടാതെ ജീത്ത് റായിയെ കോളജില്‍ നിന്ന് പുറത്താക്കണമെന്നും എബിവിപി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോല്‍ഹാന്‍ സര്‍വകലാശാല വിഷയത്തില്‍ നടപടിക്കൊരുങ്ങുകയും ചെയ്തു. തുടര്‍ന്ന് ജീത്ത് റായിക്കനുകൂലമായി സന്നദ്ധസംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് പുറത്താക്കുന്നതില്‍ നിന്നും സര്‍വകലാശാല അധികൃതര്‍ പിന്‍മാറിയത്.