പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കണം: കാബൂളില്‍ തെരുവിലിറങ്ങി വനിതകള്‍
പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.
കാബൂള്‍: അഫ്ഗാനില്‍ സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാബൂളില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി. പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാത്തത് ഗൗരവമായ വിഷയമാണെന്ന് അധ്യാപകരും കോളജ് അധ്യാപകരും പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും താലിബാന്‍ ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.വിദ്യാഭ്യാസം തങ്ങളുടെ ഇസ്‌ലാമികവും നിയമപരവുമായ അവകാശമാണെന്നും ആരും ഈ അവകാശം തങ്ങളില്‍ നിന്ന് എടുത്തുകളയരുതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
'സുരക്ഷാ സേന' തടഞ്ഞതിനു ശേഷവും അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധം തുടര്‍ന്നു.താലിബാന്‍ സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് വനിതകള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചറല്‍ സഹമന്ത്രി സബീഉല്ല മുജാഹിദ് വ്യക്തമാക്കി. താലിബാന്‍ അധികാരം പിടിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും അഫ്ഗാനിലെ സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു.