അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു
ഇതോടെ ഈ വർഷത്തെ ശിശു മരണം പന്ത്രണ്ടായി.
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്നു 35കാരിയായ വള്ളി. രക്തസ്രാവത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വളളിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്.
ഈ മാസം ആദ്യവും അട്ടപ്പാടിയിൽ ശിശുമരണമുണ്ടായിരുന്നു. ഈ മാസം എട്ടിന് മേലെ ആനവായ് ഊരിലെ സുന്ദരൻ - സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു പ്രസവം. പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്. ഈ മാസത്തെ ആദ്യ ശിശു മരണമാണിത്.
കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിരുന്നു. ആഗസ്ത് 25ന് ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടി അട്ടപ്പാടിയിൽ മരിച്ചിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ആഗസ്ത് 8ന് മരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷത്തെ ശിശു മരണം പന്ത്രണ്ടായി.