പാര്‍ലമെന്റ് മന്ദിരത്തിന്റെ പുനര്‍വികസന കരാര്‍ ഗുജറാത്തില്‍നിന്നുള്ള സ്ഥാപനത്തിന്
229.7 കോടി രൂപക്കാണ് കരാര്‍. കണക്കുകൂട്ടിയിരുന്ന 448 കോടി രൂപയെക്കാള്‍ വളരെ താഴെയാണ് ഇതെന്ന് നഗരവികസന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. കണ്‍സള്‍ട്ടിങ് ചെലവ് സാധാരണയായി മൊത്തം ചെലവിന്റെ 3 മുതല്‍ 5 ശതമാനം വരെയാണ്.
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന്റെ പുനര്‍വികസനത്തിനുള്ള വാസ്തുവിദ്യാ കണ്‍സള്‍ട്ടന്റായി ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈന്‍ പ്ലാനിങ് എന്ന കമ്പനിയെ തിരഞ്ഞെടുത്തു.ബിമാല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്പനി ഗാന്ധിനഗറിലെ സെന്‍ട്രല്‍ വിസ്തയുടെയും അഹമ്മദാബാദിലെ സബര്‍മതി നദീതീരത്തിന്റെയും പുനര്‍വികസനം നടത്തിയിരുന്നു. 229.7 കോടി രൂപക്കാണ് കരാര്‍. കണക്കുകൂട്ടിയിരുന്ന 448 കോടി രൂപയെക്കാള്‍ വളരെ താഴെയാണ് ഇതെന്ന് നഗരവികസന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. കണ്‍സള്‍ട്ടിങ് ചെലവ് സാധാരണയായി മൊത്തം ചെലവിന്റെ 3 മുതല്‍ 5 ശതമാനം വരെയാണ്.
കെട്ടിടത്തിന് പുതിയ രൂപം നല്‍കുന്നതിനായുള്ള ഐക്കണിക് പദ്ധതിയുടെ ഭാഗമായി പൈതൃക കെട്ടിടങ്ങള്‍ തകര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ കേന്ദ്ര സെക്രട്ടേറിയറ്റ് കെട്ടിടവും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ ഡല്‍ഹി എന്‍സിആറിലാണ് നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ വ്യാപിച്ചുകിടക്കുന്നത് ഒരു മാസം 1,000 കോടി രൂപ വാടക ഇനത്തില്‍ ഇതിനായി ചെലവഴിക്കുന്നു.
250 വര്‍ഷമെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍മാണം നടക്കുന്നതെന്ന് പുരി പറഞ്ഞു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ പുനര്‍വികസനം 2022 ആഗസ്തില്‍ പൂര്‍ത്തിയാകുമെന്ന് പുരി പറഞ്ഞു.