അധികാര രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ കെ ആന്റണി
1977 ഏപ്രില്‍ 27 ന് ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് വെറും 37 വയസു മാത്രമായിരുന്നു പ്രായം. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെയാളും ആന്റണിയാണ്.
പി സി അബ്ദുല്ല
കോഴിക്കോട്: പാര്‍ട്ടിയിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും ഇനി അധികാര സ്ഥാനങ്ങളിലേക്കില്ലെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. രാജ്യ സഭമിലെ കാലാവധി കഴിഞ്ഞാല്‍ പുതിയ സ്ഥാന മാനങ്ങള്‍ സ്വീകരിക്കില്ലെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആന്റണി പറഞ്ഞു. രാജ്യ സഭയിലെ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്കുമടങ്ങും.17 വര്‍ഷം മുന്‍പ് കേരള രാഷ്ട്രീയം അവസാനിപ്പിച്ചതാണ്. ആ തീരുമാനത്തില്‍ മാറ്റമില്ല. പാര്‍ട്ടിയിലും ഇനി അധികാരസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്നും 81 കാരനായ എകെ ആന്റണി വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ അറയ്ക്കപറമ്പില്‍ കുര്യന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനാണ് എ കെ ആന്റണി. കെഎസ്‌യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു.
1969ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി.
1970ല്‍ ചേര്‍ത്തല അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച ആന്റണി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു 1973 ല്‍ കെ.പി.സി.സി പ്രസിഡന്റായി. 1977 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് 19781982, 19871992 എന്നീ വര്‍ഷങ്ങളിലും കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1977 ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവച്ചുപ്പോള്‍ ആന്റണി മുഖ്യമന്ത്രിയായി.
1977 ഏപ്രില്‍ 27 ന് ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് വെറും 37 വയസു മാത്രമായിരുന്നു പ്രായം. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെയാളും ആന്റണിയാണ്.
1977ലെ ഉപതിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്‌സഭാ ഇലക്ഷനില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ചിക്കമംഗ്ലൂരില്‍ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1978ല്‍ അദ്ദേഹം മുഖ്യമന്ത്രി പദം രാജി വയ്ച്ചു. ഏറെ വൈകാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാര്‍ട്ടി വിട്ടു ഇടതു മുന്നണിയില്‍ ചേര്‍ന്നു.1980ല്‍ കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ എത്തി ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. എന്നാല്‍ അടുത്ത വര്‍ഷം 1981ല്‍ മാണി വിഭാഗവും കോണ്‍ഗ്രസ് (എ) ഗ്രൂപ്പും ഇടതുമുന്നണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു ഐക്യ ജനാധിപത്യ മുന്നണിയിലേയ്ക്ക് ചേക്കേറി. ഇതോടെ ഇ.കെ. നായനാര്‍ രാജിവയ്ച്ചു. 1982 ഡിസംബറില്‍ എ.കെ. ആന്റണിയുടെ (എ) ഗ്രൂപ്പും കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ (ഐ) ഗ്രൂപ്പും തമ്മില്‍ ലയിച്ചതോടെ കെ. കരുണാകരന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രണ്ടാമത്തെ സീനിയര്‍ നേതാവായി എ.കെ. ആന്റണി മാറി.
1984ല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി. 1985 ല്‍ രാജ്യസഭ അംഗമായി. 1991ല്‍ രണ്ടാം വട്ടവും രാജ്യസഭ അംഗമായ എ.കെ. ആന്റണി 19911996 കാലഘട്ടത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1992 മുതല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമാണ്. 1995 ല്‍ കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയായിരിക്കെ ഉയര്‍ന്ന പഞ്ചസാര അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സ്ഥാനം രാജി വച്ചു.
പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയ എ.കെ.ആന്റണി രണ്ടാം വട്ടം മുഖ്യമന്ത്രിയായത് 1995ലാണ്. രാജ്യസഭയില്‍ അംഗമായിരിക്കെയാണ് കേരള മുഖ്യമന്ത്രിയായ്.
മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭാ അംഗമല്ലാതിരുന്നതിനാല്‍ മുസ്‌ലിം ലീഗിന്റെ തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1996 വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു.
1996ല്‍ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ നിന്ന് നിയമസഭ അംഗമായി. 1996 മുതല്‍ 2001 വരെ കേരള നിയമസഭയില്‍ പ്രതിപക്ഷനേതാവ് ആയിരുന്ന ആന്റണി 2001ല്‍ ചേര്‍ത്തലയില്‍ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2004ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ച്ചു. പിന്നീട് 2005ല്‍ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി 2006ലും 2009 ലും പ്രതിരോധം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 2014ല്‍ നടന്ന 16മത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് വരെ കേന്ദ്ര പ്രതിരോധം വകുപ്പ് മന്ത്രി സ്ഥാനത്ത് തുടര്‍ന്നു.
നിലവില്‍ രാജ്യസഭ അംഗമായ എ കെ ആന്റണി രാജ്യസഭയില്‍ ഇത് അഞ്ചാമൂഴമാണ് പൂര്‍ത്തിയാക്കുന്നത്.