'കോണ്‍ഗ്രസില്‍ നടക്കുന്നത് രാഷ്ട്രീയ വഞ്ചന': എ കെ ഷാനിബും പാര്‍ടി വിട്ടു
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചത്. അതിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും കെഎസ്‌യു മുന്‍ വൈസ് പ്രസിഡന്റുമായ എ കെ ഷാനിബ് പാര്‍ട്ടി വിട്ടു. പാര്‍ടിയുടെ തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചത്. അതിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍. പാലക്കാട് നിന്നും വടകരയിലേക്ക് എന്തിനാണ് ഒരാള്‍ പോയത്. പാര്‍ടിയില്‍ പാലക്കാട് എംഎല്‍എയായ ആളല്ലാതെ ആരും ന്യൂനപക്ഷ സമുദായത്തില്‍ നിന്നും ഉണ്ടായില്ലേ. എറണാകുളം ഡിസിസി പ്രസിഡന്റ് ഉണ്ടായിരുന്നില്ലേ. ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കും. പക്ഷെ പാര്‍ടിയുടെ മതേതര മുഖം ഇല്ലാതാവും. പാലക്കാട് മത്സരിക്കാന്‍ കോണ്‍ഗ്രസിന് നിരവധി പേര്‍ ഉണ്ടായിരുന്നില്ലേ. വി ടി ബല്‍റാം, സരിന്‍, കെ മുരളീരന്‍ എന്നിവരെ എന്തുകൊണ്ട് ഒഴിവാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നില്‍ അജണ്ടയുണ്ട്. ചിലരുടെ തെറ്റായ സമീപനങ്ങളും നീക്കങ്ങളുമാണ് ഇപ്പോഴത്തെ സാഹചര്യം ഉണ്ടാക്കിയതെന്നും ഷാനിബ് പറഞ്ഞു.