'ഇത് സമുദായത്തിനുളള ഫാഷിസത്തിന്റെ അവസാന മുന്നറിയിപ്പ്'; ഭയപ്പെടുത്താനുള്ള ആര്‍എസ്എസിന്റെ വിഫലശ്രമമെന്ന് അല്‍ ഹാദി അസോസിയേഷന്‍
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ക്കെതിരെയുള്ള നീക്കം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ആര്‍എസ്എസിന്റെ വിഫലശ്രമമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്രസ്താവിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇന്ന് ഭരണകൂട ഭീകരത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണുള്ളത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന സവര്‍ണ ഫാഷിസത്തിന്റെ പതിവ് രീതിയാണ് ഇത്. നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും അതിന്റെ നേതാക്കളെയും വേട്ടയാടി നിശബ്ദമാക്കിയാല്‍ മാത്രമേ ആക്രമണോത്സുക ഹിന്ദുത്വ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ സാധിക്കൂവെന്ന തിരിച്ചറിവാണ് പോപുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകള്‍ക്കെതിരെ തിരിയാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം കലഹിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളുടെ നേരെയുള്ള അതിക്രമം ഈ സമുദായത്തിനുള്ള ഫാഷിസ്റ്റുകളുടെ മുന്നറിയിപ്പാണ്. രാജ്യത്തെ നിയമം ലംഘിക്കാനോ അത് കയ്യിലെടുക്കാനോ ആര്‍ക്കും അവകാശമില്ല. അത് ഇത്തരം സംഘടനകള്‍ക്കും ബാധകമാണ്. പക്ഷേ, പോപുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചിടത്തോളം അത് ഇനിയും തെളിയേണ്ടിയിരിക്കുന്ന കാര്യമാണ്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെയും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുകയും പൊതുജന ക്ഷേമ വിഷയത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ ഏറെ പിന്നിലാവുകയും ചെയ്ത സാഹചര്യത്തില്‍ അതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ കൂടിയാണ് ഈ അന്യായ അറസ്റ്റുകളും റെയ്ഡുകളും. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം സര്‍ക്കാര്‍ ഏജന്‍സികള്‍ കേന്ദ്രത്തിന്റെ താളത്തിനനുസരിച്ച് തുള്ളി അവയുടെ വില കളയുകയാണ്.
പക്ഷേ, ഇന്ത്യയിലെ ഏറ്റവും പ്രബലമായ ന്യൂനപക്ഷ സമുദായത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വ്യാമോഹം മാത്രമായിരിക്കും. ബ്രിട്ടീഷുകാരുടെ ആയുധത്തിനോ അധികാരത്തിനോ മുന്നില്‍ തോറ്റു കൊടുത്തിട്ടില്ലാത്ത ഈ സമുദായം ഈ ഭീഷണിയെയും വിജയകരമായി അതിജീവിക്കുക തന്നെ ചെയ്യും. ഫാഷിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തുകയും ഇന്ത്യന്‍ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യല്‍ മാത്രമാണ് അതിനുള്ള വഴി.