അല്‍-ഖാഇദയുടെ ദക്ഷിണേഷ്യന്‍ മേധാവി കൊല്ലപ്പെട്ടെന്നു റിപോര്‍ട്ട്
എന്നാല്‍, കൊലപാതക വാര്‍ത്ത അഫ്ഗാന്‍ താലിബാന്‍ നിഷേധിക്കുകയും ശത്രുക്കള്‍ കുപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു
കാബൂള്‍: അല്‍-ഖാഇദയുടെ ദക്ഷിണേഷ്യന്‍ മേധാവി ആസിം ഉമര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. കഴിഞ്ഞ മാസം അവസാനം യുഎസ്-അഫ്ഗാന്‍ സംയുക്ത സേന നടത്തിയ ആക്രമണത്തിലാണ് ആസിം ഉമര്‍ കൊല്ലപ്പെട്ടതെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 2014 മുതല്‍ അല്‍ഖായിദയെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നയിച്ച ആസിം ഉമര്‍ സപ്തംബര്‍ 23ന് ഹെല്‍മണ്ട് പ്രവിശ്യയിലെ മൂസ ക്വാല ജില്ലയിലെ താലിബാന്‍ മേഖലയില്‍ നടത്തിയ ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, കൊലപാതക വാര്‍ത്ത അഫ്ഗാന്‍ താലിബാന്‍ നിഷേധിക്കുകയും ശത്രുക്കള്‍ കുപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു. വിവാഹ പാര്‍ട്ടിക്കു നേരെ നടത്തിയ ആക്രമണത്തില്‍ പത്തോളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ മറച്ചുപിടിക്കാനാണ് കുപ്രചാരണം നടത്തുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ആസിം ഉമര്‍ പാകിസ്താന്‍ പൗരനാണെന്നും അല്ല ഇന്ത്യക്കാരനാണെന്നും അഫ്ഗാനിസ്താനിലെ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിച്ചു. ആറു അല്‍ഖായിദ അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നും കൂടുതലും പാകിസ്താനികളാണെന്നും ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കഴിഞ്ഞ് സപ്തംബര്‍ 22, 23 തിയ്യതികളില്‍ അര്‍ധരാത്രിയാണ് അമേരിക്കയുടെ സഹായത്തോടെ ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി അന്വേഷണ സംഘം പറഞ്ഞു. അല്‍ഖായിദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ സന്ദേശവാഹകന്‍ റൈഹാന്‍ എന്നറിയപ്പെടുന്നയാളും ആറ് അല്‍ഖായിദ പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.