''ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് സാമൂഹിക അംഗീകാരമില്ല; സമൂഹത്തിലെ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം'': അലഹബാദ് ഹൈക്കോടതി

Update: 2025-01-25 03:58 GMT
ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് സാമൂഹിക അംഗീകാരമില്ല; സമൂഹത്തിലെ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് സാമൂഹിക അംഗീകാരമില്ലെങ്കിലും യുവാക്കള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനാല്‍ സമൂഹത്തിലെ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് അലഹബാദ് ഹൈക്കോടതി. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ വരാണസി സ്വദേശിക്ക് ജാമ്യം അനുവദിച്ച വിധിയിലാണ് ജസ്റ്റിസ് നളിന്‍ കുമാര്‍ ശ്രീവാസ്തവ ഇങ്ങനെ പറഞ്ഞത്.

''ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹിക അംഗീകാരമൊന്നുമില്ല. ബാധ്യതകളില്‍ നിന്നൊഴിവാവാന്‍ യുവാക്കള്‍ അത് സ്വീകരിക്കുകയാണ്. അതിനാല്‍, സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു ചട്ടക്കൂടും പരിഹാരവും കണ്ടെത്താന്‍ നാമെല്ലാവരും ചിന്തിക്കുകയും ശ്രമിക്കുകയും ചെയ്യേണ്ട സമയമാണിത്.''-ജസ്റ്റിസ് നളിന്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവാവിന് എതിരായ കേസ്. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, പീഡന ആരോപണം തെറ്റാണെന്ന് യുവാവ് വാദിച്ചു. പരാതിക്കാരി പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും യുവാവ് വാദിച്ചു. ആറു വര്‍ഷമായി ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലായിരുന്നു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്യുകയോ ഉറപ്പ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും യുവാവ് വാദിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

Tags:    

Similar News