'പ്രഹ്ലാദ് ജോഷി സ്വന്തം സന്യാസിമാരെ തുണിയുടുപ്പിക്കട്ടെ,പിന്നെയാവാം ഹിജാബിട്ടവരുടെ ഇരുട്ടു മാറ്റല്‍':ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമൊക്കെ മുസ്‌ലിംകളെ ഇസ്‌ലാമും പുരോഗമനവുമൊക്കെ പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.തല്‍ക്കാലം അത്തരക്കാരോട് പുതിയ ഉസ്താദുമാരുടെ തസ്തിക ഒഴിവില്ല എന്നേ പറയാനുള്ളൂവെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് മൗലാന മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി പറഞ്ഞു
ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകള്‍ തലമുറകളായി ഇരുട്ടില്‍ തപ്പുകയായിരുന്നു എന്നും ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെ മുസ്‌ലിംകള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിന്റെ സംയമനം ബലഹീനതയായി കാണരുതെന്നുമുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവന സ്വയം പരിഹാസ്യനാവുന്ന അശ്ലീല കോമഡിയാണെന്നും ഉടുക്കാത്ത സന്യാസിമാര്‍ക്ക് ഒരു കോണകം കെട്ടിക്കൊടുത്തിട്ട് മതി മുസ്‌ലിം സ്ത്രീയുടെ ഹിജാബിലെ ഇരുട്ടുമാറ്റാന്‍ ഇറങ്ങി പുറപ്പെടലെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് മൗലാന മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി പറഞ്ഞു.
രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ മതപരവും സാംസ്‌കാരികവുമായ ബഹുത്വം നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടന തത്വത്തില്‍ ഊട്ടിയുറപ്പിച്ച് ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് നമ്മുടേത്.ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ളത് ഭക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം തികച്ചും ഭരണഘടനാ ദത്തമാണ്. അതിനെ തകര്‍ത്ത് 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന തരത്തില്‍ മനുവാദവുമായി സ്ത്രീകളുടെ ശിരസും മാറും മറയ്ക്കാനുള്ള അവകാശത്തിനു നേരെ വന്നാല്‍ ഏത് ഏകാധിപതിയെയും വംശീയ ഭ്രാന്തനെയും തെരുവില്‍ നേരിടാന്‍ മാത്രം മതബോധവും വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും മുസ്‌ലിം സ്ത്രീ നേടിയിട്ടുണ്ടെന്ന കാര്യം ജോഷിമാര്‍ ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്നും,കര്‍ണാടകയില്‍ ഉയര്‍ന്ന പെണ്‍ പ്രതിരോധം അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലമുറകളായി മുസ്‌ലിം സ്ത്രീകള്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു എന്നു പറയുമ്പോള്‍ കേന്ദ്ര മന്ത്രി ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണ്. അവര്‍ണ സ്ത്രീകളെ മാറുമറയ്ക്കാന്‍ അനുവദിക്കാതെയും മുലക്കരം എര്‍പ്പെടുത്തിയും ബ്രാഹ്മണ അന്തപുരങ്ങളില്‍ മാനഭംഗപ്പെടുത്തിയും സവര്‍ണ മേലാളന്മാര്‍ ഇന്ത്യയിലെ പല ഗ്രാമങ്ങളില്‍ കൂരിരുട്ടു പരത്തിയ ഒരു ചരിത്രം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.ഗുജറാത്തിലും ഉന്നാവയിലും ഹത്‌റാസിലും സംഘപരിവാറുകാരാല്‍ കൂട്ടബലാല്‍സംഘത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദീനരോദനങ്ങള്‍ അലയടിച്ചു കൊണ്ടേയിരിക്കുന്ന വര്‍ത്തമാനവും ഇവിടെയുണ്ടെന്നും ഹനീഫ് അഹ്‌റാര്‍ ഖാസിമി ഓര്‍മ്മപ്പെടുത്തി.
ഹിജാബിന്റെ പേരില്‍ മുഖം മറയ്ക്കാനല്ല,ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ സമരം ചെയ്യുന്നത്. ശിരോവസ്ത്രം ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും വ്യത്യസ്ത രൂപത്തില്‍ നിലനില്‍ക്കുന്ന സംസ്‌കാരമാണ്. ഔദ്യോഗിക കൃത്യനിര്‍വഹണ വേളകളിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സൈനികരും അധ്യാപകരും വിദ്യാര്‍ഥികളും അത് ധരിച്ചു കൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതിലും പടം വച്ചുള്ള ആരാധനകളും പൂജകളും നടത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും മുസ്‌ലിം പെണ്‍കുട്ടിയുടെ ശിരോവസ്ത്രത്തിനു നേരെയാണ് ഇപ്പോള്‍ സംഘപരിവാറിനൊപ്പം ഭരണകൂടങ്ങളും കലിതുള്ളി വരുന്നത്.
ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസ രംഗത്തേക്കുള്ള കടന്നുവരവും അവരുടെ രാഷ്ട്രീയ പ്രബുദ്ധതയും സംഘപരിവാര്‍ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. ഹിജാബ് വിലക്കികൊണ്ട് വിദ്യാഭ്യാസ രംഗത്തു നിന്നും മുസ്‌ലിം സ്ത്രീകളെ പുറന്തള്ളാനും യൂണിഫോമിന്റെ പേരില്‍ എകസിവില്‍ കോഡിന് മുസ്‌ലിംകളെ പാകമാക്കിയെടുക്കാനുമുള്ള ആര്‍ എസ് എസ് കുതന്ത്രങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുള്ളത്.ഇപ്പോള്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമൊക്കെ മുസ്‌ലിംകളെ ഇസ്‌ലാമും പുരോഗമനവുമൊക്കെ പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.തല്‍ക്കാലം അത്തരക്കാരോട് പുതിയ ഉസ്താദുമാരുടെ തസ്തിക ഒഴിവില്ല എന്നേ പറയാനുള്ളൂവെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് മൗലാന മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി പറഞ്ഞു.