പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം: ഉന്നതിയിലെ ഫയലുകള്‍ കാണാതായി, എന്‍ പ്രശാന്തിന് എതിരെ ആരോപണം
പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള കേരള എംപവര്‍മെന്റ് സൊസൈറ്റി (ഉന്നതി)യിലെ ഫയലുകള്‍ കാണാതായതായി റിപോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ തുടങ്ങിയവയാണ് കാണാതായതെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ട് പറയുന്നു.
പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
2023 മാര്‍ച്ച് 16ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ ഉന്നതിയുടെ സിഇഒയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായി ചുമതല കൈമാറാനോ രേഖകള്‍ കൈമാറാനോ പ്രശാന്ത് തയ്യാറായില്ല. പിന്നീട് പ്രത്യേക ഉത്തരവിലൂടെയാണ് ചുമതല നല്‍കിയത്. ഉന്നതിയിലെ രേഖകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയെങ്കിലും പ്രധാന രേഖകളൊന്നും ലഭിച്ചില്ലെന്നാണ് അഡീഷണല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പറയുന്നത്.