യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം രൂപയുടെ ബാധ്യത ഒഴിവായി

Update: 2024-03-28 09:13 GMT

ഷാര്‍ജ: മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതിരുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വന്‍ സാമ്പത്തിക ബാധ്യത ഒഴിവായി. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി തോമസുകുട്ടി ഐസക്കി(56)നാണ് യുഎഇ സര്‍ക്കാരിന്റെയും സുമനുസ്സുകളുടെയും സഹായത്താല്‍ 162238 ദിര്‍ഹം(40 ലക്ഷം ഇന്ത്യന്‍ രൂപ)മിന്റെ ബാധ്യത ഒഴിവായത്. 22 വര്‍ഷത്തോളം ഇന്ത്യന്‍ അതിര്‍ത്തി സേനയില്‍ ജോലി ചെയ്തു വരികയായിരുന്ന തോമസുകുട്ടി 2009ല്‍ വിരമിച്ച ശേഷം 2015ലാണ് യുഎഇയില്‍ എത്തിയത്. 2015 ഡിസംബര്‍ 10ന് തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ സ്‌ക്രാപ്പിങ് കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. കമ്പനിയില്‍ വിസ എടുക്കുന്ന സമയത്ത് കമ്പനി ഉടമ വിസാനടപടികള്‍ക്കായുള്ള നിയമപരമായ രേഖകള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് താമസിക്കാനായി സജ്ജയില്‍ എടുത്ത ഫ്‌ളാറ്റിന്റെ വാടക കരാറിലും തോമസുകുട്ടിയെ കൊണ്ട് ഒപ്പിടീച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം തോമസ് നിലവിലെ ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. 2017ല്‍ തിരികെയെത്തി അബൂദബിയിലെ മറ്റൊരു കമ്പനിയില്‍ ജോലിയില്‍ കയറി.

    2022 ഫെബ്രുവരി 27ന് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുബയ് വിമാനത്താവളത്തില്‍വച്ച് തന്റെ പേരില്‍ കേസും യാത്രാവിലക്കും ഉണ്ടെന്ന് അറിയുന്നത്. വിശദമായ അന്വേഷണത്തിലാണ് സ്‌ക്രാപ്പിങ് കമ്പനി ഉടമയുടെ ചതി മനസ്സിലായത്. തന്റെ പേരില്‍ കമ്പനി ഉടമ ഫഌറ്റ് വാടകയ്‌ക്കെടുക്കുകയും മൂന്നു വര്‍ഷമായി വാടക നല്‍കാത്തതിനാല്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ തനിക്കെതിരേ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും കണ്ടെത്തി. വാടക കുടിശ്ശികയായ 162238 ദിര്‍ഹം(40 ലക്ഷം രൂപ) അടച്ചാല്‍ മാത്രമേ കേസില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമായി. തുടര്‍ന്ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററിലെ റവറല്‍ ഡോ. വില്‍സണ്‍ ജോസഫിനെ സമീപിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശേരിയെ സമീപിച്ചു. കേസ് കൊടുത്തവരുമായി ബന്ധപ്പെട്ടെങ്കിലും മുഴവന്‍ തുകയും അടച്ചു തീര്‍ക്കാതെ ക്ലിയറന്‍സ് നല്‍കില്ലെന്നായിരുന്നു മറുപടി. നാട്ടിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തോമസുകുട്ടിയെ സഹായിക്കാനായി ഫാദര്‍ വില്‍സണ്‍, സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്ന് സുമനസുകളില്‍ നിന്നും യുഎഇ സര്‍ക്കാരില്‍നിന്നും ബന്ധപ്പെട്ട ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. കമ്പനികള്‍ക്ക് വേണ്ടിയോ സ്വന്തമായോ വാടക കരാര്‍ ഉണ്ടാക്കുന്നവര്‍ അത് ഒഴിവാക്കുന്ന സമയം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് വാങ്ങേണ്ടതാണെന്നും അല്ലാത്തപക്ഷം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സലാം പാപ്പിനിശ്ശേരി വ്യക്തമാക്കി.

Tags:    

Similar News