അന്താരാഷ്ട്രതലത്തില്‍ വീണ്ടും തിരിച്ചടി; പാകിസ്താനെ കരിമ്പട്ടികയില്‍പ്പെടുത്തി സാമ്പത്തിക ഏജന്‍സി

ആഗോളമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് എഫ്എടിഎഫിന്റെ ഏഷ്യ- പസഫിക് ഗ്രൂപ്പിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് എഫ്എടിഎഫ്. ഭീകരവാദത്തിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നത് തടയാന്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോര്‍സ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Update: 2019-08-23 09:41 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ പാകിസ്താന് വീണ്ടും കനത്ത തിരിച്ചടി. പാകിസ്താനെ കരിമ്പട്ടികയില്‍പ്പെടുത്തി ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). ആഗോളമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് എഫ്എടിഎഫിന്റെ ഏഷ്യ- പസഫിക് ഗ്രൂപ്പിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് എഫ്എടിഎഫ്. ഭീകരവാദത്തിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നത് തടയാന്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോര്‍സ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒക്ടോബര്‍ വരെയാണ് സമയപരിധി നല്‍കിയിരുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഗ്രേ ലിസ്റ്റിലാണ് പാകിസ്താന് സ്ഥാനം നല്‍കിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് സാമ്പത്തികസഹായം ലഭ്യമാക്കല്‍ തുടങ്ങിയവ തടയാനായി നിര്‍ദേശിക്കപ്പെട്ട 40 നടപടികളില്‍ 32 എണ്ണവും നിശ്ചിതസമയപരിധിക്കുള്ളില്‍ പാകിസ്താന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് എഫ്എടിഎഫിന്റെ എഷ്യാ പസഫിക് ഗ്രൂപ്പ് കണ്ടെത്തി.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഒമ്പത് മേഖലാസംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പാകിസ്താന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടിവരും. മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതുകൊണ്ടുതന്നെ പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ അന്താരാഷ്ട്ര ക്രെഡിറ്റ് ഏജന്‍സികളില്‍നിന്ന് വായ്പ ലഭിക്കുന്നതിനും വിദേശനിക്ഷേപം സ്വീകരിക്കുന്നതിനും തടസ്സമാവും. ആസ്‌ത്രേലിയയിലെ കാന്‍ബെറയില്‍ നടന്ന യോഗത്തിലാണ് പാകിസ്താനെ കരിമ്പട്ടികയില്‍പെടുത്താനുള്ള തീരുമാനമുണ്ടായത്. 

Tags:    

Similar News