സിഎഎ വിരുദ്ധ സമരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 835 കേസുകള്‍; 7, 913 പേര്‍ പ്രതികള്‍

Update: 2024-03-13 10:36 GMT

തിരുവനന്തപുരം: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 835 കേസുകള്‍. 7,913 പേര്‍ പ്രതികളായാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമസഭയില്‍ എം പി അനില്‍കുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് രേഖാമൂലം മറുപടി നല്‍കിയത്. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന പിണറായി സര്‍ക്കരാണ് പ്രതിഷേധത്തിന്റെ പേരില്‍ വന്‍തോതില്‍ കേസുകള്‍ ചുമത്തുന്നത്.

    2019ലാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമന്റെില്‍ പാസാക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 10 മുതലാണ് സംസ്ഥാനത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയത്. ഇതില്‍ 103 കേസുകള്‍ ഗുരുതരമായ ക്രിമിനല്‍ സ്വഭാവമുള്ളവയാണെന്നും 232 കേസുകള്‍ ഗുരുതര സ്വഭാവം ഇല്ലാത്തവയാണെന്നും പറയുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് ജില്ലയിലാണ്-159. കോഴിക്കോട് റുറല്‍-103, സിറ്റി-56, മലപ്പുറം-93, കണ്ണൂര്‍ സിറ്റി-54, കണ്ണൂര്‍ റൂറല്‍-39, കാസര്‍കോട്-18, വയനാട്-32, പാലക്കാട്-85, തൃശൂര്‍ റൂറല്‍-20, സിറ്റി-66, എറണാകുളം റൂറല്‍-38, സിറ്റി-17, ഇടുക്കി-17, കോട്ടയം-26, ആലപ്പുഴ-25, പത്തനംതിട്ട-16, കൊല്ലം റൂറല്‍-29, സിറ്റി-15, തിരുവനന്തപുരം റൂറല്‍-47, സിറ്റി-39 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്ക്.

    2021 ഫെബ്രുവരി 26 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 63 കേസുകളില്‍ നിരാക്ഷേപ പത്രം നല്‍കി. ഈ കേസുകള്‍ പിന്‍വലിക്കുന്നത് ബന്ധപ്പെട്ട കോടതികളാണ്. കേസുകള്‍ പിന്‍വലിക്കാന്‍ ഹരജി ലഭിച്ച എല്ലാ ഹരജികളിലും കേസ് പിന്‍വലിക്കാനുള്ള നടപടി സ്വീകരിച്ചതായും എ പി അനില്‍കുമാറിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് പൗരത്വ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 573 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പിടിഎ റഹീമിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. കുറ്റപത്രം സമര്‍പ്പിച്ചതില്‍ 69 കേസുകള്‍ പിന്‍വലിച്ചു. 249 കേസുകള്‍ റഫര്‍ ചെയ്തു. പിഴത്തുക അടച്ചവരെ കേസുകളില്‍നിന്ന് ഒഴിവാക്കിയതായും മറ്റു കേസുകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണെന്നും മറുപടിയില്‍ പറയുന്നുണ്ട്.

Tags:    

Similar News