ലഡാക്ക്: ലഡാക്കിലെ പാങ്കോംഗ് സോ തടാകത്തിന് സമീപം മറാത്ത ലൈറ്റ് ഇന്‍ഫന്ററിയിലെ ഉദ്യോഗസ്ഥര്‍ ശിവജി പ്രതിമ സ്ഥാപിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 14,300 അടി ഉയരത്തിലുള്ള പ്രദേശത്താണ് ഡിസംബര്‍ 26ന് പ്രതിമ അനാഛാദനം ചെയ്തത്. തദ്ദേശവാസികളുടെ അഭിപ്രായം ചോദിക്കാതെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് പ്രദേശത്തെ കൗണ്‍സിലറായ കൊഞ്ചോക്ക് സ്റ്റാന്‍സിന്‍ ആരോപിച്ചു.
''ഒരു പ്രദേശവാസി എന്ന നിലയില്‍, പാങ്കോങ്ങിലെ ശിവജി പ്രതിമയെക്കുറിച്ചുള്ള എന്റെ ആശങ്കകള്‍ ഞാന്‍ പറയണം. പ്രദേശവാസികളുടെ അഭിപ്രായം തേടാതെയാണ് ഇത് സ്ഥാപിച്ചത്, പ്രദേശത്തെ പരിസ്ഥിതിയേയും വന്യജീവികളെയും അതു ബാധിക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. നമ്മുടെ സമൂഹത്തെയും പ്രകൃതിയെയും യഥാര്‍ത്ഥമായി പ്രതിഫലിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം.''- കൊഞ്ചോക്ക് സ്റ്റാന്‍സിന്‍ പറഞ്ഞു.
ശ്രീ ഛത്രപതി ശിവജി മഹാരാജാവിന് ലഡാക്കില്‍ ചരിത്രപരമായ പങ്കൊന്നുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനായ സജ്ജാദ് കാര്‍ഗിലി പറഞ്ഞു. ശിവജി ചരിത്രപ്രാധാന്യമുള്ളയാളാണെങ്കിലും പ്രതിമ ഇവിടെ കൊണ്ടുവച്ചത് ശരിയായില്ല. തദ്ദേശീയ ചരിത്രവ്യക്തിത്വങ്ങളായ സീഞ്ച് നാംഗ്യാല്‍, ഖ്‌റീ സുല്‍ത്താന്‍, അലി ഷേര്‍ ഖാന്‍ തുടങ്ങിയ ആരുടെയെങ്കിലും പ്രതിമസ്ഥാപിക്കണമായിരുന്നു. പരിസ്ഥിതി ലോലമായ പ്രദേശത്ത് പ്രതിമ സ്ഥിപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.