ഏഷ്യന്‍ സോഫ്റ്റ് ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: കേരളത്തിന്റെ കരുത്തില്‍ ഇന്ത്യക്ക് കിരീടം
ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍ ആതിഥേയരായ നേപ്പാളിനെ പോരാട്ടത്തില്‍ (3520)നു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം കിരീടമണിഞ്ഞത്.
താനൂര്‍: നേപ്പാളില്‍ നടന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം. ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍ ആതിഥേയരായ നേപ്പാളിനെ പോരാട്ടത്തില്‍ (3520)നു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം കിരീടമണിഞ്ഞത്. ഇന്ത്യന്‍ വനിതാ ടീം ഭൂട്ടാനെ (2515)നെയും തകര്‍ത്തു. മലയാളി താരങ്ങളായ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി ജവാദ് കെഎം പുരുഷ ടീമിനെയും താനൂര്‍ മോര്യ സ്വദേശി സാന്ദ്ര. എം വനിതാ ടീമിനെയും നയിച്ചു. ജവാദിന്റെയും സാന്ദ്രയുടെയും കരുത്തിലാണ് ടീം ഉന്ത്യ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. നേപ്പാളിലെ പൊഖാറയിലെ രംഗശാല അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈ മാസം 22 മുതല്‍ 25 വരെയായിരുന്നു മത്സരം.
ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ഫെഡറേഷന്‍ കൗണ്‍സിലിന്റെ കീഴിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ അഞ്ച് രാജ്യങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഇന്ത്യന്‍ ടീമില്‍ മലപ്പുറത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന, യുപി, പോണ്ടിച്ചേരി, കര്‍ണ്ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മറ്റു താരങ്ങള്‍. സോഫ്റ്റ് ബോളിന്റെയും ബേസ് ബോളിന്റെയും മിക്‌സഡ് രൂപമാണ് പുതിയ കായിക ഇനമായ സോഫ്റ്റ് ബേസ്‌ബോള്‍. ഇന്ത്യന്‍ ടീമില്‍ താനൂരില്‍ നിന്നു മാത്രം 14 പേരാണുള്ളത്. കേരള ടീമിന്റെ പരിശീലകനും താനൂര്‍ കുന്നുംപുറം സ്വദേശിയുമായ അസി. പ്രൊഫ. കെ ഹംസ മാഷിന്റെ നേതൃത്വത്തിലുള്ള കുന്നുംപുറം സോഫ്റ്റ് ബോള്‍ അക്കാദമിയിലെ പ്രതിഭകളാണ് താനൂരില്‍ നിന്നുള്ള മുഴുവന്‍ പേരും.