ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് 'വ്യാജ ഏറ്റുമുട്ടല്‍' കഥ നെയ്ത് പോലിസ്; യുപിയില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍
വാര്‍ത്താക്കുറിപ്പില്‍ സംഘം മദ്യവും മയക്കുമരുന്നും കടത്താന്‍ ശ്രമിക്കുകയാണെന്നും രാത്രി ഒരു ഏറ്റുമുട്ടലിനുശേഷമാണ് അറസ്റ്റിലായതെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. മാത്രമല്ല, ആറ് നാടന്‍ തോക്കുകള്‍, 12 വെടിയുണ്ടകള്‍, രണ്ട് കിലോ കഞ്ചാവ്, 80 ലിറ്റര്‍ അനധികൃത മദ്യം എന്നിവ സംഘത്തില്‍നിന്ന് പിടിച്ചെടുത്തതായും പോലിസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ലഖ്‌നൗ: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് വ്യാജ ഏറ്റുമുട്ടല്‍ കഥ നെയ്ത് ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 10 പേരെ കള്ളക്കേസില്‍ ജയിലിലടച്ച പോലിസുകാര്‍ക്കെതിരേ നടപടി. ധാബ(തട്ടുകട) ഉടമയെയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്ത സംഭവത്തിലാണ് 40 ദിവസത്തിനു ശേഷം ഉത്തര്‍പ്രദേശിലെ ഈത ജില്ലയിലെ ഒരു പോലിസ് ഇന്‍സ്‌പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ നിന്ന് അനധികൃത മദ്യവും കഞ്ചാവും കണ്ടെടുത്തെന്നും ഏറ്റുമുട്ടലിലൂടെയാണ് സംഘത്തെ പിടികൂടിയതെന്നുമായിരുന്നു പോലിസ് പറഞ്ഞിരുന്നത്. തന്റെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 'താന'യില്‍ നിന്നുള്ള രണ്ട് പോലിസുകാരോട് ഭക്ഷണത്തിന് ധാബ ഉടമ പണം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷമാണ് നടപടിയുണ്ടായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 4നാണ് ധാബ ഉടമയെയും ഇദ്ദേഹത്തിന് വേണ്ടി വാദിച്ചവരെയും പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പുറത്തിറക്കിയ വിശദമായ വാര്‍ത്താക്കുറിപ്പില്‍ സംഘം മദ്യവും മയക്കുമരുന്നും കടത്താന്‍ ശ്രമിക്കുകയാണെന്നും രാത്രി ഒരു ഏറ്റുമുട്ടലിനുശേഷമാണ് അറസ്റ്റിലായതെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. മാത്രമല്ല, ആറ് നാടന്‍ തോക്കുകള്‍, 12 വെടിയുണ്ടകള്‍, രണ്ട് കിലോ കഞ്ചാവ്, 80 ലിറ്റര്‍ അനധികൃത മദ്യം എന്നിവ സംഘത്തില്‍നിന്ന് പിടിച്ചെടുത്തതായും പോലിസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ധാബ ഉടമയുടെ സഹോദരന്‍ ഇതെല്ലാം പച്ചക്കള്ളമാണെന്നു പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
'ഫെബ്രുവരി 4ന് ഉച്ചക്ക് 2ന് ചില പോലിസുകാര്‍ തന്റെ ധാബയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. എന്റെ സഹോദരന്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ വീട്ടിലായിരുന്നു. ഭക്ഷണത്തിന് പണം നല്‍കുന്നത് സംബന്ധിച്ച് ഈ പോലിസുകാര്‍ എന്റെ സഹോദരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അവര്‍ സ്ഥിരം വരുന്നവരാണ്. ഭക്ഷണത്തിന് ഒരിക്കലും പണം നല്‍കിയിട്ടില്ല. ചിലപ്പോള്‍ അവര്‍ 100 രൂപ നല്‍കുമായിരുന്നു, ഇതിന്റെ നാലിരട്ടി തുകയ്ക്കുള്ള ഭക്ഷണം കഴിച്ചാണ് നിസാര തുക നല്‍കിയിരുന്നതെന്നും സഹോദരന്‍ പ്രവീണ്‍ കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'അവര്‍ മദ്യപിച്ചിരുന്നു. എന്റെ സഹോദരനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് അവര്‍ പോയി. പിന്നീട് രണ്ട് പോലിസ് ജീപ്പുകള്‍ ധാബയിലെത്തി എന്റെ സഹോദരനും അവിടെയുണ്ടായിരുന്ന എല്ലാവരേയും കൂട്ടിക്കൊണ്ടുപോയി. എന്റെ സഹോദരനില്‍ നിന്ന് അനധികൃത മദ്യം കണ്ടെടുത്തെന്നു പറഞ്ഞ് കേസെടുത്തു. ഏറ്റുമുട്ടലിനുശേഷം സഹോദരനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതായാണ് പോലിസ് അവകാശപ്പെട്ടത്.
'എന്റെ സഹോദരന്‍ നാടന്‍ തോക്കില്‍ നിന്ന് ആറ് റൗണ്ട് വെടിയുതിര്‍ത്തുവെന്നും അവര്‍ പറഞ്ഞു. 11 പേരെ കസ്റ്റഡിയിലെടുത്ത് ഒരാളെ വിട്ടയച്ചു. ബാക്കിയുള്ളവര്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. ധാബ ഉടമയുടെ സഹോദരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ സസ്‌പെന്‍ഷനിലായ പോലിസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് പ്രദേശത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'കോട്‌വാലി ദേഹാത് പോലിസ് സ്‌റ്റേഷന്റെ അന്നത്തെ ചുമതലക്കാരനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം ഇറ്റായിലെ എസ്പി(ക്രൈം) യോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി ഇറ്റാ പോലിസിന്റെ സോണല്‍ ചുമതലയുള്ള എഡിജിപി രാജീവ് കൃഷ്ണ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. പോലിസില്‍ കേസുമായി ബന്ധമുള്ള എല്ലാവര്‍ക്കെതിരേയും കേസെടുക്കും. നീതി ഉറപ്പാക്കാനായി അന്വേഷണം ഇറ്റായില്‍ നിന്ന് അലിഗഡിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
UP Cops Frame Dhaba Owners In 'Fake Encounter'