നിയമസഭാ ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥികളാവും

Update: 2024-10-15 07:11 GMT

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രമ്യ ഹരിദാസ് മുന്‍ എംപിയാണ്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിച്ച രമ്യ എല്‍ഡിഎഫിന്റെ കെ.രാധാകൃഷ്ണനോടു തോല്‍വി വഴങ്ങിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഡിസിസിയില്‍ അതൃപ്തി ഉണ്ടായിരുന്നു. പാലക്കാട് മുന്‍ എംഎല്‍എ കൂടിയായ ഷാഫി പറമ്പില്‍ രാഹുലിന് വേണ്ടി വാശി പിടിച്ചതോടെ ഡിസിസിയും വഴങ്ങുകയായിരുന്നു. ഷാഫിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പാലക്കാട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

കെ.രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. ആലത്തൂരില്‍ തോറ്റെങ്കിലും രമ്യ ഹരിദാസിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ചേലക്കരയില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ രമ്യക്കു സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.


Tags:    

Similar News