കാറില്‍ അതിക്രമിച്ച് കയറി ബന്ദിയാക്കി 25 ലക്ഷം തട്ടിയെന്ന് കേസ്: പ്രതി പരാതിക്കാരന്‍ തന്നെ

ഡ്രൈവര്‍ സുഹൈലും സുഹൃത്ത് താഹയും മറ്റൊരാളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി

Update: 2024-10-21 03:37 GMT

കൊയിലാണ്ടി: എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ അക്രമിസംഘം കാറില്‍ നിന്ന് തട്ടിയെടുത്തെന്ന കേസിലെ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലിസ്. പരാതിക്കാരനായ തിക്കോടി ആവിക്കല്‍ റോഡ് സുഹാന മന്‍സില്‍ സുഹൈലിനെ (25) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72.40 ലക്ഷം രൂപ അജ്ഞാതരായ രണ്ടുപേര്‍ തന്നെ ബന്ദിയാക്കിയശേഷം കൈക്കലാക്കിയെന്നാണ് സുഹൈല്‍ കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം 25 ലക്ഷമെന്നാണ് പറഞ്ഞിരുന്നത്. കേസന്വേഷണത്തിനായി റൂറല്‍ എസ്പി. പി നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ശനിയാഴ്ച രാത്രിതന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സുഹൈലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

75 ലക്ഷം രൂപ നഷ്ടമായി എന്ന് എടിഎം. കമ്പനി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയും സുഹൈലും സുഹൃത്ത് താഹയും മറ്റൊരാളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയുമായിരുന്നു. താഹയില്‍ നിന്ന് 37 ലക്ഷം രൂപ പിടിച്ചെടുക്കാനും പോലിസിന് സാധിച്ചു. കാറില്‍ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് കാര്‍ അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടയില്‍ പര്‍ദധരിച്ച് നടന്നുവരുകയായിരുന്ന രണ്ടുപേരില്‍ ഒരാള്‍ കാറിന്റെ ബോണറ്റിലേക്കു വീണുവെന്നാണ് സുഹൈല്‍ പോലിസിന് ആദ്യം മൊഴി നല്‍കിയത്. സുഹൈല്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പര്‍ദ ധരിച്ച മറ്റേയാള്‍ കാറിന്റെ അല്പം ഉയര്‍ത്തിയ ചില്ലിനുള്ളിലൂടെ അകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതിനിടയില്‍ മറ്റേയാള്‍ കാറിന്റെ പുറകില്‍ക്കയറി പരാതിക്കാരനെ കാറിന്റെ പിന്‍സീറ്റിലേക്ക് വലിച്ചിട്ടശേഷം കാലും കൈയും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടിവിതറി. തുടര്‍ന്ന് ബോധരഹിതനാക്കി കാര്‍ അവര്‍ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാറിന്റെ മുന്‍സീറ്റില്‍ ബാഗില്‍വെച്ചിരുന്ന തുക കവര്‍ച്ചചെയ്തശേഷം സുഹൈലിനെ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.

Tags:    

Similar News