സ്വാമി അഗ്‌നിവേശിനു നേരെ കൈയേറ്റം; 50 ആര്‍എസ്എസുകാര്‍ക്കെതിരേ കേസ്

അഗ്‌നിവേശ് ഹിന്ദു വിരുദ്ധനാണെന്നും ക്ഷേത്ര വളപ്പില്‍നിന്ന് പുറത്തുപോവണമെന്നും ആവശ്യപ്പെട്ട് ബഹളംവച്ചാണ് ആക്രമണത്തിനു ശ്രമിച്ചത്

Update: 2019-10-03 18:59 GMT

തിരുവനന്തപുരം: സ്വാമി അഗ്‌നിവേശിനെതിരേ പൂജപ്പുരയിലുണ്ടായ കൈയേറ്റശ്രമത്തില്‍ 50ഓളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. അഗ്‌നിവേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്നവര്‍ക്കെതിരേ കേസെടുത്തത്. 50ഓളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് സ്വാമി അഗ്‌നിവേശിന്റെ പരാതി. ബുധനാഴ്ച പൂജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തില്‍ വൈദ്യമഹാസഭ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തപ്പോള്‍, ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഒരുസംഘം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വേദിയില്‍ കയറി ബഹളം വയ്ക്കുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. അഗ്‌നിവേശ് ഹിന്ദു വിരുദ്ധനാണെന്നും ക്ഷേത്ര വളപ്പില്‍നിന്ന് പുറത്തുപോവണമെന്നും ആവശ്യപ്പെട്ട് ബഹളംവച്ചാണ് ആക്രമണത്തിനു ശ്രമിച്ചത്. പോലിസും സംഘാടകരും ചേര്‍ന്നാണ് സ്വാമിയെ രക്ഷപ്പെടുത്തിയത്. സ്വാമി അഗ്‌നിവേശിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കുകയും സംഘപരിവാര്‍ സംഘടനകളുടെ നിലപാടിനെ അപലപിക്കുകയും ചെയ്തു.



Tags:    

Similar News