കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; പോലിസിനെതിരേ പരാതിയുമായി ബന്ധുക്കള്‍
കാസര്‍കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. പോലിസുകാരനായ അനൂപില്‍ നിന്നു നേരിട്ട മാനസിക പീഡനമാണ് സത്താര്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ഉപജീവനമാര്‍ദമായ ഓട്ടോറിക്ഷ പോലിസ് പിടിച്ചുവയ്ക്കുകയും നാല് ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാല്‍ വീട് പട്ടിണിയിലാണെന്നും ഫേസ് ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ സത്താര്‍(60) ജീവനൊടുക്കിയത്. വാടക മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ് ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കര്‍ണാടക മംഗളൂരു സ്വദേശിയായ അബ്ദുല്‍ സത്താര്‍ അഞ്ച് വര്‍ഷത്തോളമായി കാസര്‍ക്കോട് നഗരത്തില്‍ ഓട്ടോ െ്രെഡവറായി ജോലി ചെയ്യുകയാണ്. റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ 250 രൂപ ദിവസവാടകയ്ക്കാണ് താമസം. മരിക്കുന്നതിന് നാല് ദിവസം മുമ്പ് വൈകീട്ട് കാസര്‍കോട് നെല്ലിക്കുന്ന് ഗീത ജങ്ഷന്‍ റോഡില്‍ വച്ചാണ് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സമുണ്ടാക്കിയെന്നു പറഞ്ഞ് ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തത്. വായ്പയെടുത്ത് വാങ്ങിയ ഓട്ടോയുടെ ലോണടയ്ക്കാന്‍ പാടുപെട്ടിരുന്ന സത്താര്‍ ഹൃദ്രോഗി കൂടിയാണ്. ഈ ആവശ്യത്തിനു വേണ്ടി സ്റ്റേഷനില്‍ നിരന്തരം പോയെങ്കിലും എസ്‌ഐ അനൂപ് ഓട്ടോറിക്ഷ വിട്ടുനല്‍കിയില്ലെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സത്താര്‍ കാസര്‍കോട് ഡിവൈ എസ്പി സി കെ സുനില്‍കുമാറിന്റെ ഓഫിസില്‍ നേരിട്ടെത്തി പരാതി വ്യക്തമാക്കി. പിഴയടച്ച് വണ്ടി വിട്ടുകൊടുക്കാന്‍ ഡിവൈഎസ് പി നിര്‍ദേശിച്ചെങ്കിലും എസ്‌ഐ തയ്യാറായില്ല. ഇന്ന് വാ, നാളെ വാ എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് സത്താര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
കാസര്‍കോട് സത്താര്‍ താമസിക്കുന്ന മുറിയുടെയും മംഗലാപുരത്ത് കുടുംബം താമസിക്കുന്ന വീടിന്റെയും വാടക, വീട്ടുചെലവ്, രണ്ട് മക്കളുടെ പഠനം, ഓട്ടോയുടെ ലോണ്‍, ഹൃദ്രോഗത്തിനുള്ള മരുന്നിന്റെ തുക തുടങ്ങിയവയെല്ലാം സത്താറിനെ ആശ്രയിച്ചാണ് കഴിയുന്നത്. അഞ്ച് ദിവസം ഓട്ടോ പിടിച്ചിട്ടതോടെ മാനസികമായി തളര്‍ന്നെന്നും ഇക്കാര്യം തലേന്ന് പറഞ്ഞിരുന്നതായും ബന്ധു പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഫേസ്ബുക്ക് ലൈവില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനം വെളിപ്പെടുത്തി എസ്‌ഐ അനൂപിനെ പേരെടുത്ത് പറഞ്ഞ് അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്. ഓട്ടോ െ്രെഡവര്‍മാര്‍ പ്രതിഷേധവുമായെത്തിയതോടെ എസ്‌ഐ അനൂപിനെ ചന്തേര സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സത്താറിന്റെ മരണനാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. കുടുംബത്തിന്റെ ഏക ആശ്രയം ഇല്ലാതായതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.