യോഗിക്കായി യുപിയിൽ അമ്പലം; പ്രതിഷ്ഠ അമ്പും വില്ലുമേന്തിയ യോഗി
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നയാളെ ആരാധിക്കുമെന്ന് പ്രഭാകർ പ്രതിഞ്ജ എടുത്തിരുന്നു.
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ക്ഷേത്രം നിർമിച്ച് അയോധ്യ സ്വദേശി. പ്രഭാകർ മൗര്യ എന്നയാളാണ് ഭാരത്ക്കുണ്ഡിലെ പുരവായിൽ ക്ഷേത്രം നിർമിച്ചത്. ശ്രീരാമന്‍റെ അവതാരമായാണ് യോഗി ആദിത്യനാഥിനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗിയുടെ പ്രതിഷ്ഠ അമ്പലത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നയാളെ ആരാധിക്കുമെന്ന് പ്രഭാകർ പ്രതിഞ്ജ എടുത്തിരുന്നു. യോഗി ആദിത്യനാഥിന്‍റെ വിഗ്രഹത്തിനു മുന്നിൽ താൻ മന്ത്രം ചൊല്ലാറുണ്ട്. എല്ലാ ദിവസവും രണ്ടുനേരവും ക്ഷേത്രത്തിൽ പൂജയുണ്ടാവാറുണ്ടെന്നും വിശ്വാസികൾക്കായി പ്രസാദം വിതരണം ചെയ്യാറുണ്ടെന്നും പ്രഭാകർ പറഞ്ഞു.
ക്ഷേത്രത്തിനായി 8.5 ലക്ഷം രൂപ ചിലവായിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. രാജസ്ഥാനിൽ നിന്നാണ് യോഗിയുടെ പ്രതിമ എത്തിച്ചത്. ക്ഷേത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ പ്രതികരണവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ക്ഷേത്രം നിർമിച്ചയാൾ യോഗി ആദിത്യനാഥിനെക്കാളും രണ്ടടി മുന്നോട്ട് പോയെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.