ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വീണ്ടും ജുമുഅ നമസ്‌കാരം തടഞ്ഞ് ബജ്‌റങ്ദള്‍ സംഘം. ഗുരുഗ്രാം ദര്‍ബാരിപൂര്‍ ഗ്രാമത്തിന് സമീപമുള്ള സെക്ടര്‍ 69ലാണ് വെള്ളിയാഴ്ച ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെത്തി ജുമുഅ തടസ്സപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതിനെതിരേ ഹിന്ദുത്വര്‍ രംഗത്തെത്തിയതോടെ അധികൃതര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുകയും ആറു സ്ഥലത്ത് നമസ്‌കരിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അധികൃതർ അനുവദിച്ച സ്ഥലത്ത് നമസ്‌കരിക്കുന്നതാണ് ഹിന്ദുത്വർ വീണ്ടും തടസ്സപ്പെടുത്തിയത്.
ഹരിയാന ഷഹരി വികാസ് പ്രധികരന്റെ ( എച്ച്എസ്‌വിപി) ഉടമസ്ഥതയിലുള്ള തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കുകയായിരുന്ന നൂറിലേറെ മുസ് ലിംകളെയാണ് ബജ്‌റങ്ദള്‍ പ്രാദേശിക നേതാവ് അമിത് ഹിന്ദുവിന്റെ നേതൃത്വത്തില്‍ 20ഓളം പേരെത്തി തടസ്സപ്പെടുത്തിയത്. വിശ്വാസികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മുസ് ലിം സമുദായത്തില്‍ നിന്നുള്ളവര്‍ അവിടം വിട്ടുപോയെന്നും ബജ്‌റംഗ്ദളുകാരോട് പോവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും ബാദ്ഷാപൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ഉമേഷ് കുമാര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആറ് പൊതുസ്ഥലങ്ങളില്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയ സ്ഥലങ്ങളില്‍ ഒന്നാണിത്. ഞങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും എസ്എച്ച്ഒ ഉമേഷ് കുമാര്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം പൊതുസ്ഥലത്തെ ജുമുഅ നമസ്‌കാരത്തിനെതിരേ ഹിന്ദുത്വര്‍ പ്രതിഷേധമുയര്‍ത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയാണ് ആറ് സ്ഥലങ്ങളില്‍ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയത്. എച്ച്എസ്‌ഐ ഐഡിസി ഗ്രൗണ്ടിലെ അറ്റ്‌ലസ് ചൗക്ക്, ഉദ്യോഗ് വിഹാര്‍ ഫേസ് രണ്ടിലെ പീപല്‍ ചൗക്ക്, ഉദ്യോഗ് വിഹാര്‍ ഫേസ് നാലിലെ എച്ച്എസ്‌വിപി ഭൂമി, സെക്ടര്‍ 29 ലെ ലെഷര്‍ വാലി ഗ്രൗണ്ട്, സെക്ടര്‍ 42 ലെ എച്ച്എസ്‌വിപി ഭൂമി, സെക്ടര്‍ 69ലെ എച്ച്എസ്‌വിപി ഭൂമി എന്നിവയിലാണ് ജുമുഅ നടത്താന്‍ അനുമതി നല്‍കിയിരുന്നത്. ഇതില്‍ സെക്ടര്‍ 69ലെ എച്ച്എസ്‌വിപി ഭൂമിയിലെ നമസ്‌കാരമാണ് ഇന്നലെ തടസ്സപ്പെടുത്തിയത്. പ്രാര്‍ഥനകള്‍ക്കായി താല്‍ക്കാലികമായാണ് സ്ഥലം അനുവദിച്ചതെന്നും
ഇപ്പോള്‍ മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ചിലര്‍ ഇവിടെ നമസ്‌കരിക്കാന്‍ വരുന്നുണ്ടെന്നുമാണ് ബദ്‌റങ്ദള്‍ പറയുന്നത്.
ഈ സ്ഥലത്തെ പ്രാര്‍ത്ഥന നിര്‍ത്താന്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കുമെന്നും ബജ്‌റങ്ദള്‍ നേതാവ് അമിത് ഹിന്ദു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അവര്‍ക്ക് ഞങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നിട്ടും അവര്‍ ഈ വെള്ളിയാഴ്ചയും വന്നു.
അതിനാല്‍ ഞങ്ങള്‍ അവരെ നമസ്‌കരിക്കാന്‍ അനുവദിച്ചില്ലെന്നും അമിത് ഹിന്ദു പറഞ്ഞു. പൊതു ഇടങ്ങളിലെ അനധികൃത പ്രാര്‍ത്ഥനകള്‍ ഭരണകൂടം നിര്‍ത്തിയില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും ഭീഷണിമുഴക്കിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച നമസ്‌കാരം അനുവദിക്കില്ലെന്നാണ് ഹിന്ദുത്വര്‍ പറയുന്നത്. എന്നാല്‍, തങ്ങള്‍ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ സ്ഥലങ്ങളില്‍ പള്ളികള്‍ ഇല്ലാത്തതിനാലാണ് പൊതുസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്ന് ഗുരുഗ്രാമിലെ മുസ് ലിംകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസമായി എല്ലാ വെള്ളിയാഴ്ചകളിലും ഹിന്ദുത്വര്‍ സ്ഥലത്തെത്തി മുദ്രാവാക്യം വിളിച്ച് നമസ്‌കാരം തടസ്സപ്പെടുത്താറുണ്ടെന്ന് മുസ് ലിംകള്‍ പറഞ്ഞു. ഇവിടെ നമസ്‌കരിച്ചാല്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭക്ഷണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ് ആരിഫ് ഖാന്‍ പറഞ്ഞു. ഭാഗ്യവശാല്‍, പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ കൈകാര്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ഗുരുഗ്രാമില്‍ 2018ല്‍ തന്നെ ജുമുഅ നമസ്‌കാരത്തിനെതിരേ ഹിന്ദുത്വര്‍ രംഗത്തെത്തിയിരുന്നു. പൊതുസ്ഥലത്ത് തടസ്സമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് ബജ്‌റങ്ദളും വിഎച്ച്പിയുമെല്ലാം രംഗത്തെത്തിയത്. തുടര്‍ന്ന് ജില്ലാ ഭരണകൂടം 37 സൈറ്റുകള്‍ ജുമുഅ നടത്താന്‍ നിശ്ചയിച്ചുനല്‍കി. എന്നാല്‍, 2021 നവംബറില്‍ വീണ്ടും ഹിന്ദുത്വര്‍ ഇതിനെതിരേ രംഗത്തെത്തുകയും പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് സൈറ്റുകളുടെ എണ്ണം 20 ആയി കുറച്ചു. ആഗസ്ത് മാസത്തോടെ ഇത് വെറും ആറെണ്ണമാക്കി വെട്ടിക്കുറച്ചു. ഇതോടെ ആവശ്യത്തിന് പള്ളികളില്ലാത്ത ഗുരുഗ്രാം നിവാസികള്‍ ജുമുഅ നമസ്‌കരിക്കാനാവാതെ പ്രയാസപ്പെട്ടു. ഇപ്പോള്‍ ആറില്‍ ഒരിടത്തെ നമസ്‌കാരം കൂടി തടസ്സപ്പെടുത്തുകയാണു ചെയ്യുന്നത്. നഗരത്തില്‍ ആവശ്യത്തിന് പള്ളികള്‍ ഇല്ലാത്തതിനാലാണ് പൊതു ഇടങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നതെന്ന് മുസ് ലിംകള്‍ പറഞ്ഞു. ഗുരുഗ്രാം ജില്ലയില്‍ മാത്രം ഏകദേശം അഞ്ചുലക്ഷം മുസ് ലിംകളുണ്ട്. ഇവരില്‍ 150,000 പേരെങ്കിലും വെള്ളിയാഴ്ചകളില്‍ പള്ളികളിലെത്താറുണ്ട്. വര്‍ഷങ്ങളായി പള്ളി നിര്‍മാണത്തിന് അനുമതി നല്‍കാത്തതു കാരണം ഗുരുഗ്രാമിലെ മുസ് ലിംകള്‍ അധികൃതരെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായി പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ 15 വര്‍ഷമായി തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കുന്നുണ്ടെന്നും മുസ് ലിംകള്‍ പറയുന്നു. എന്നാലിത് പച്ചക്കള്ളമാണെന്നാണ് ബജ്‌റങ്ദള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ സൈനി പറയുന്നത്. 2021 ഡിസംബര്‍ 17ന് ഉദ്യോഗ് വിഹാര്‍ ഏരിയയിലും ഹിന്ദുത്വര്‍ നമസ്‌കാരം തടസ്സപ്പെടുത്തിയിരുന്നു. 'ഭാരത് മാതാ കീ ജയ്, ജയ്ശ്രീറാം തുടങ്ങിയ മുദ്രാവാക്യം വിളിച്ചാണ് ജുമുഅ തടസ്സപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് സെക്ടര്‍ 37 ഗ്രൗണ്ടില്‍ ജുമുഅ നടക്കുന്നതിനിടെ ഹിന്ദുത്വര്‍ ക്രിക്കറ്റ് കളിക്കണമെന്ന് അവകാശപ്പെട്ടാണ് പ്രതിഷേധിച്ചത്. ഒരിക്കല്‍ ജുമുഅ നടത്തുന്ന സ്ഥലത്ത് ചാണകപൂജ നടത്തുകയും ചെയ്തിരുന്നു.