ജിദ്ദ: സൗദി അറേബ്യയില്‍ റീഎന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് വിവിധ പ്രവിശ്യകളിലെയും വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും അതിത്തി പോസ്റ്റുകളിലെയും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളെ അറിയിച്ചതായി അല്‍വതന്‍ റിപോര്‍ട്ട് ചെയ്തു. റീഎന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വിസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ മൂന്നു വര്‍ഷത്തെ പ്രവേശന വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള പ്രവേശന വിലക്കാണ് ജവാസാത്ത് റദ്ദാക്കിയിരിക്കുന്നത്. തീരുമാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തേ, സൗദിയിലെ വ്യവസായികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റീഎന്‍ട്രി കാലാവധിയില്‍ തിരിച്ചുവരാത്തവര്‍ക്ക് ജവാസാത്ത് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്. റീഎന്‍ട്രി കാലാവധിയില്‍ തൊഴിലാളികള്‍ തിരിച്ചുവരാത്തത് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് പ്രവേശന വിലക്കേര്‍പ്പെടുത്തണമെന്ന വ്യവസായികളുടെ ആവശ്യം അംഗീകരിച്ചിരുന്നത്. റീഎന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്ക് മുമ്പ് പ്രവേശന വിലക്കുണ്ടായിരുന്നില്ല. ഇത്തരക്കാര്‍ക്ക് മുമ്പ് സ്‌പോണ്‍സര്‍മാര്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് സംഘടിപ്പിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ഇഖാമ കാലാവധിക്കുള്ളില്‍ വിദേശങ്ങളിലെ സൗദി എംബസികള്‍ പുതിയ എന്‍ട്രി വിസ സ്റ്റാമ്പ് ചെയ്തുകൊടുത്തിരുന്നു. മുമ്പ് വിദേശങ്ങളിലുള്ളവരുടെ റീഎന്‍ട്രി ദീര്‍ഘിപ്പിക്കാനും വഴിയില്ലായിരുന്നു. ഇപ്പോള്‍ വിദേശങ്ങളിലുള്ളവരുടെ റീഎന്‍ട്രി ഓണ്‍ലൈന്‍ ആയി ദീര്‍ഘിപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റീ എന്‍ട്രിയില്‍ മടങ്ങാത്തവര്‍ക്ക് വേറെ സ്‌പോണ്‍സര്‍ക്കു കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് ഇതുവരെ വിലക്കുണ്ടായിരുന്നത്. അതേ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ പ്രവേശനം അനുവദിച്ചിരുന്നു. അസുഖമോ മറ്റു അടിയന്തിര സാഹചര്യങ്ങളോ കാരണം തിരികെ വരാന്‍ കഴിയാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ വിദേശ മന്ത്രാലയത്തില്‍ നിന്ന് സംഘടിപ്പിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ റീഎന്‍ട്രി കാലാവധി തീര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് ഇഖാമ കാലാവധിയില്‍ പുതിയ എന്‍ട്രി വിസ എംബസികളും കോണ്‍സുലേറ്റുകളും സ്റ്റാമ്പ് ചെയ്ത് നല്‍കിയിരുന്നു.