മാനവികതക്കെതിരായ കുറ്റങ്ങള്‍: ഷെയ്ക് ഹസീനക്ക് അറസ്റ്റ് വാറന്‍ഡ്
ബംഗ്ലാദേശില്‍ നിന്ന് ഒളിച്ചോടിയ ഹസീന ഇന്ത്യയിലാണുള്ളത്
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനക്കെതിരേ അറസ്റ്റ് വാറന്‍ഡ്. ഹസീനയേയും മറ്റു 45 പ്രതികളെയും നവംബര്‍ 18നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ബംഗ്ലാദേശിലെ കോടതിയുടെ നിര്‍ദേശം. ഭരണവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനെന്ന പേരില്‍ ആയിരത്തോളം പേരെ കൊലപ്പെടുത്തിയെന്നാണ് ഹസീനക്കെതിരായ ആരോപണം.
സിവില്‍ സര്‍വീസിലെ മൂന്നിലൊന്ന് പദവികള്‍ 1971ലെ യുദ്ധത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കള്‍ക്കായി മാറ്റിവക്കുന്നതിന് എതിരെ തുടങ്ങിയ പ്രതിഷേധം ഹസീനയുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിപ്പെടുകയായിരുന്നു. ആഴ്ച്ചകളോളം നീണ്ട പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം ഹസീന ഇന്ത്യയിലേക്ക് കടന്നു. സമാധാന നൊബേല്‍ ലഭിച്ച മുഹമ്മദ് യൂനുസാണ് ഇടക്കാല സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ഹസീന നിലവില്‍ ഇന്ത്യയില്‍ ന്യൂഡല്‍ഹിക്ക് സമീപമാണ് താമസിക്കുന്നത്.
ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുള്ളതിനാല്‍ ഇത് നടക്കുമെന്നാണ് ബംഗ്ലാദേശ് കരുതുന്നത്. എന്നാല്‍, രാഷ്ട്രീയ സ്വഭാവമുള്ള കുറ്റമാണെങ്കില്‍ കൈമാറേണ്ടതില്ലെന്നും വ്യവസ്ഥയുണ്ട്.