കൂട്ടബലാല്‍സംഗം: ബംഗ്ലാദേശില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ

പെണ്‍കുട്ടിയെ കാമുകന്‍ നദീതീരത്തേക്ക് കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നാണ് കേസ്. കാമുകനൊപ്പം രണ്ടു സുഹൃത്തുക്കള്‍ പീഡിപ്പിക്കുകയും മറ്റു രണ്ടു പേര്‍ കൃത്യത്തിന് പ്രതികളെ സഹായിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍ നസീം അഹമ്മദ് പറഞ്ഞു.

Update: 2020-10-15 13:44 GMT

ധക്ക: ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ രാജ്യത്ത് ജനരോഷം ശക്തമാവുന്നതിനിടെ 15കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ബംഗ്ലാദേശ് കോടതി അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധിച്ചു. 2012ലാണ് കേസിനാസ്പദമായ സംഭവം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനകേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി വടക്കന്‍ ജില്ലയായ ടാന്‍ഗൈല്‍ബിയില്‍ സ്ഥാപിച്ച പ്രത്യേക െ്രെടബ്യൂണലാണ് ശിക്ഷ വിധിച്ചത്. ബലാല്‍സംഗ കേസുകളില്‍ വധശിക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

പെണ്‍കുട്ടിയെ കാമുകന്‍ നദീതീരത്തേക്ക് കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നാണ് കേസ്. കാമുകനൊപ്പം രണ്ടു സുഹൃത്തുക്കള്‍ പീഡിപ്പിക്കുകയും മറ്റു രണ്ടു പേര്‍ കൃത്യത്തിന് പ്രതികളെ സഹായിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍ നസീം അഹമ്മദ് പറഞ്ഞു. അഞ്ചുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഒരു കൂട്ടം പുരുഷന്‍മാര്‍ ഒരു സ്ത്രീയെ വിവസ്ത്രയാക്കി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രാജ്യത്തുടനീളം വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

ബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന ഓര്‍ഡനന്‍സ് കഴിഞ്ഞ ദിവസം പ്രസിഡന്റ് അബ്ദുള്‍ ഹമീദ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇവിടെ നേരത്തേ ജീവപര്യന്തം തടവായിരുന്നു ഏറ്റവും ഉയര്‍ന്ന ശിക്ഷ. ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമാണ് വധശിക്ഷ നല്‍കുന്നത്.

Tags:    

Similar News