ധക്ക കഫെ ആക്രമണം: ഏഴു പ്രതികള്‍ക്ക് വധശിക്ഷ; ഒരാളെ വെറുതെവിട്ടു

ഒമ്പത് ഇറ്റലിക്കാര്‍, ഏഴ് ജപ്പാന്‍ സ്വദേശികള്‍, ഒരു അമേരിക്കന്‍, ഒരു ഇന്ത്യന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്

Update: 2019-11-27 13:38 GMT

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയില്‍ 2016 ജൂലൈ ഒന്നിന് ആക്രമണം നടത്തിയ 22 പേരെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഒരാളെ വെറുതെവിട്ടു. പ്രത്യേക ഭീകര വിരുദ്ധ ട്രൈബ്യൂണലാണ് ശിക്ഷ വിധിച്ചത്. ധക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും ജപ്പാന്‍, ഇറ്റലി പൗരന്മാരായിരുന്നു. പ്രതികള്‍ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണെന്നാണു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടെന്നും അതിനാലാണ് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഗുലാം സര്‍വാര്‍ ഖാന്‍ പറഞ്ഞു. വിധിന്യായത്തിനുശേഷം പ്രതികള്‍ കോടതിമുറിയില്‍ 'അല്ലാഹു അക്ബര്‍' (ദൈവമാണ് വലിയവന്‍) എന്ന് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. ശിക്ഷ വിധിക്കുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

    സായുധസംഘത്തിലെ അഞ്ചുപേര്‍ ഹോളി ആര്‍ട്ടിസാന്‍ കഫേയില്‍ അതിക്രമിച്ചുകയറി 12 മണിക്കൂറോളം ബന്ദിയാക്കിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. ഒമ്പത് ഇറ്റലിക്കാര്‍, ഏഴ് ജപ്പാന്‍ സ്വദേശികള്‍, ഒരു അമേരിക്കന്‍, ഒരു ഇന്ത്യന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. സൈനിക കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലില്‍ അക്രമികളും കൊല്ലപ്പെട്ടിരുന്നു.




Tags:    

Similar News