വീടിന് മുന്നിൽ കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്; കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ഇന്ന് വൈകിട്ട് കോളജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടിസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. ഇതിൽ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.

Update: 2022-09-20 15:54 GMT

കൊല്ലം: വീടിന് മുന്നില്‍ ബേങ്കുകാര്‍ ജപ്തി നോട്ടിസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്കാണ് ജപ്തി നോട്ടിസ് പതിപ്പിച്ചത്.

ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അഭിരാമി. ഇന്ന് വൈകിട്ട് കോളജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടിസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. ഇതിൽ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.

പണം തിരിച്ചടക്കാൻ സമയം നീട്ടി ചോദിച്ചെങ്കിലും അത് അനുവദിച്ചില്ല. ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.

നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപ വായ്‌പ്പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്. കുറച്ചുനാൾ മുമ്പുവരെ കൃത്യമായി ലോൺ അടച്ചിരുന്നുവെന്നും വാർഡ് മെമ്പർ ഷീജ പറയുന്നു.

അജിയുടെ ഭാര്യക്ക് രോഗം വന്നതോടെയാണ് അടവ് മുടങ്ങിയത്. പെട്ടെന്നുള്ള ബാങ്ക് നടപടിയിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നും ബിജിമോൾ പറഞ്ഞു. കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരള ബാങ്കിന്റെ നടപടിയിലൂടെ വീണ്ടും പാഴ്വാക്കാകുന്ന സംഭവമാണ് ഇന്ന് കൊല്ലത്ത് നടന്നത്. 

Similar News