കാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു
ഡാലസ്: യുഎസില്‍ കാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത കെ പി യോഹന്നാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപം പ്രഭാതസവാരിക്കിടെ ചൊവ്വാഴ്ചയാണ് കാറിടിച്ചത്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നായിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റ് ചികില്‍സിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്. അഞ്ചു ദിവസംമുന്‍പാണ് ഇദ്ദേഹം അമേരിക്കയില്‍ എത്തിയത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.
തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരില്‍ കുടുംബാംഗമായ മാര്‍ അത്തനേഷ്യസ് യോഹാന്‍, ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 1966 മുതല്‍ ഓപറേഷന്‍ മൊബൈലൈസേഷന്‍ എന്ന സംഘടനയില്‍ ചേര്‍ന്നു വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുവിശേഷ പ്രവര്‍ത്തകനായി. 1974ല്‍ അമേരിക്കയില്‍ ദൈവശാസ്ത്രപഠനത്തിനായി പോയി. ജര്‍മന്‍ സുവിശേഷകയായ ഗിസിലയാണ് ഭാര്യ. 1979ല്‍ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടന രൂപീകരിച്ചു. 1990ലാണ് സ്വന്തം സഭയായ ബിലീവേഴ്‌സ് ചര്‍ച്ചിനു രൂപം നല്‍കിയത്. 2003ല്‍ സ്ഥാപക ബിഷപ്പായപ്പോഴാണ് മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന പേര് സ്വീകരിച്ചത്. തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായുള്ള ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ്, ബൈബിള്‍ കോളജുകള്‍ ഉള്‍പ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. മുന്നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.