കൊഴിഞ്ഞുപോക്ക് തടയാനാവാതെ ബംഗാള്‍ ബിജെപി; റായ്ഗഞ്ജ് എംഎല്‍എ തൃണമൂലില്‍
നിയമസഭാ തിരഞ്ഞെടുപ്പിന് നാണംകെട്ട തോല്‍വിക്കു പിന്നാലെയാണ് ടിഎംസിയിലേക്ക് ബിജെപി നേതാക്കള്‍ ചേക്കാറാന്‍ ആരംഭിച്ചത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് നാണംകെട്ട തോല്‍വിക്കു പിന്നാലെയാണ് ടിഎംസിയിലേക്ക് ബിജെപി നേതാക്കള്‍ ചേക്കാറാന്‍ ആരംഭിച്ചത്.
റായ്ഗഞ്ജ് എംഎല്‍എ കൃഷ്ണ കല്യാണിയാണ് ഏറ്റവും ഒടുവിലായി പാര്‍ട്ടി വിട്ടത്. പിന്നാലെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അഞ്ചാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലിലേക്ക് ചേക്കേറുന്നത്.
റായ്ഗഞജ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ദേബശ്രീ ചൗധരിക്കെതിരേ വിമര്‍ശനം നടത്തിയതിന് ബിജെപി കൃഷ്ണ കല്യാണിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ദേബശ്രീ ചൗധരി തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പ്രവര്‍ത്തിക്കുന്ന അതേ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും കൃഷ്ണ കല്യാണി വ്യക്തമാക്കി.