കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയെച്ചൊല്ലി ബംഗാള്‍ ബിജെപിയില്‍ പൊട്ടിത്തെറി; നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം, ഒടുവില്‍ അമിത് ഷായുടെ ഇടപെടല്‍
നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഖാന്‍ നടത്തിയത്. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്നായിരുന്നു സൗമിത്ര ഖാന്റെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഇപ്പോഴും തയ്യാറായിട്ടില്ല.
കൊല്‍ക്കത്ത: കേന്ദ്രമന്ത്രിസഭയുടെ പുനസ്സംഘടനയെച്ചൊല്ലി പശ്ചിമ ബംഗാള്‍ ബിജെപിയില്‍ അഭിപ്രായഭിന്നത രൂക്ഷം. കേന്ദ്രമന്ത്രിസഭയില്‍ ഇടം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ചില നേതാക്കള്‍ രംഗത്തുവന്നത്. പ്രശ്‌നപരിഹാരത്തിനായി ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലും വേണ്ടിവന്നിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ടോടെ കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനമില്ലെന്ന് അറിഞ്ഞതോടെയാണ് ബംഗാള്‍ ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായത്. പുനസ്സംഘടിപ്പിച്ച മന്ത്രിസഭയില്‍ പശ്ചിമബംഗാളില്‍നിന്ന് ജോണ്‍ ബര്‍ല, കൂച്ച് ബിഹാറില്‍നിന്നുള്ള നിസിത് പ്രമാണിക്, ബോങ്കോണില്‍നിന്നുള്ള ശാന്തനു താക്കൂര്‍, ബാങ്കുര എംപി ഡോ.സുഭാസ് സര്‍ക്കാര്‍ എന്നിവരാണ് കേന്ദ്ര മന്ത്രിസഭയിലെത്തിയത്.
യുവമോര്‍ച്ച ബംഗാള്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് എംപി സൗമിത്ര ഖാന്‍ രാജിവച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്. നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഖാന്‍ നടത്തിയത്. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്നായിരുന്നു സൗമിത്ര ഖാന്റെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഇപ്പോഴും തയ്യാറായിട്ടില്ല.
പല നേതാക്കളം തൃണമൂലിലേക്ക് മടങ്ങിപ്പോയിക്കൊണ്ടിരിക്കുകയാണ്. മന്ത്രിസഭാ പുനസ്സംഘടനയില്‍ അവഗണന നേരിട്ടതോടെ ബംഗാള്‍ ബിജെപിയില്‍ വീണ്ടും പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. സുവേന്ദു അധികാരി തന്നെക്കുറിച്ച് കേന്ദ്രനേതൃത്വത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ബംഗാളിലെ ബിഷ്ണുപൂര്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയായ സൗമിത്ര ഖാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ബംഗാളില്‍ എല്ലാവരും ഒരുമിച്ചാണ് പോരാടിയത്. പക്ഷേ, ഒരു നേതാവിന്റെ ശ്രദ്ധ സ്വന്തം കാര്യത്തില്‍ മാത്രമാണ്. നരേന്ദ്രമോദിയുടേയും ശ്യാമപ്രസാദ് മുഖര്‍ജിയുടേയും ആശയങ്ങള്‍ കണ്ടാണ് ഞാന്‍ ബിജെപിയില്‍ പ്രവേശിച്ചത്. ഞാന്‍ ഒരു അത്യാഗ്രഹത്തോടെയും വന്നതല്ല. എനിക്ക് ഇപ്പോഴും അത്യാഗ്രഹമില്ല.
എന്നാല്‍, അദ്ദേഹം (സുവേന്ദു അധികാരി) പതിവായി ഡല്‍ഹിയിലേക്ക് പോവുകയും നേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് തുടരുന്നത്. താന്‍ ബിജെപിയുടെ ഏറ്റവും വലിയ നേതാവാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നത്- സൗമിത്ര ഖാന്‍ വ്യക്തമാക്കി. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെയും ഖാന്‍ രൂക്ഷായി വിമര്‍ശിച്ചിരുന്നു. ബംഗാള്‍ ബിജെപിയിലെ കലഹം രാജിയിലേക്കെത്തിയപ്പോഴാണ് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഇടപെടലുണ്ടായത്. അമിത് ഷായുടെ നിര്‍ദേശമനുസരിച്ച് സൗമിത്ര ഖാന്‍ രാജി പിന്‍വലിച്ചു.
ബിജെപി നേതാക്കളായ ബി എല്‍ സന്തോഷ്, അമിത് ഷാ, തേജസ്വി സൂര്യ എന്നിവരുടെ അഭ്യര്‍ഥനപ്രകാരം ബഹുമാനസൂചകമായി രാജി പിന്‍വലിക്കുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പരാതികള്‍ പരിശോധിക്കുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രാജി പിന്‍വലിക്കണമെന്നും സംസ്ഥാന ബിജെപി വൃത്തങ്ങള്‍ സൗമിത്ര ഖാനോട് ആവശ്യപ്പെടുകയും ചെയ്തു. രാജിവച്ചതിന് ഒരുകാരണവും അദ്ദേഹം പറഞ്ഞിട്ടില്ല, എന്നാല്‍, സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ പ്രഖ്യാപനം ബംഗാളില്‍നിന്നുള്ള നാല് ബിജെപി എംപിമാരെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണെന്ന് കരുതുന്നുവെന്നും ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പുനസ്സംഘടനയ്ക്കായി മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ ബാബുള്‍ സുപ്രിയോയും തന്റെ അതൃപ്തി പ്രകടമാക്കിയിരുന്നു. ഒരു അഴിമതി ആരോപണവുമില്ലാതെ സ്ഥാനം രാജിവയ്ക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. തീര്‍ച്ചയായും തനിക്ക് വ്യക്തപരമായി സങ്കടമുണ്ട്. അതെ പുകയുണ്ടെങ്കില്‍ എവിടെയോ തീയുമുണ്ടായിരിക്കണം. എന്നെ ശ്രദ്ധിക്കുന്ന എന്റെ മാധ്യമസുഹൃത്തുക്കളുടെ ഫോണ്‍കോളുകളെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ഇത് പറയട്ടെ, ഞാന്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചിട്ടുണ്ട്. എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു- ബാബുള്‍ സുപ്രിയോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബംഗാള്‍ തെരഞ്ഞടുപ്പിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നത നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടയിലാണ് പുതിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയായിരിക്കുന്നത്.