കൊവിഡ് കേസുകള്‍ കുറയുന്നു; ബംഗാളില്‍ കൂടുതല്‍ ഇളവുകള്‍, ബസ്, മെട്രോ റെയില്‍ സര്‍വീസുകള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നാളെ മുതല്‍ ബസ്സുകള്‍ക്കും മോട്രോ റെയില്‍ സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കാനാണ് തീരുമാനം. അതേസമയം, കൊവിഡ് മൂന്നാം തരംഗം സംബന്ധിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ലോക്ക് ഡൗണ്‍ ജൂലൈ 30 വരെ നീട്ടിയിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 15 വരെ സംസ്ഥാനം ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. ഇത് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയത്. പുതിയ ഇളവുകളുടെ ഭാഗമായി മെട്രോ റെയില്‍ 50 ശതമാനം ശേഷിയില്‍ പ്രവൃത്തിദിവസങ്ങളില്‍ സര്‍വീസ് അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഒഴികെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
പബ്ലിക് ബസ്സുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ ഓടിക്കാന്‍ അനുവദിക്കും. രണ്ട് ഡോസ് വാക്‌സിനെടുത്ത ജീവനക്കാരെ ഉപയോഗിച്ച് സംസ്ഥാനത്തിന് അകത്ത് ബസ്സുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ സര്‍വീസ് നടത്താനുള്ള അനുമതി നല്‍കും. ഓഫിസുകള്‍ സ്വകാര്യ, സര്‍ക്കാര്‍ അവരുടെ 50% ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ജിംനേഷ്യം, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയ്ക്ക് രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെ 50 ശതമാനം പേരെ വച്ച് പ്രവര്‍ത്തിക്കാനാവും. പച്ചക്കറി കടകള്‍ക്ക് രാവിലെ 6 മുതല്‍ 12 വരെ തുറക്കാം.
സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തി സമയവും ദീര്‍ഘിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ബാങ്കുകള്‍ക്ക് തുറക്കാനും അനുമതിയുണ്ടാവും. ചൊവ്വാഴ്ച ബംഗാളില്‍ 24 മണിക്കൂറിനുള്ളില്‍ 863 പുതിയ കൊവിഡ് വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 15,13,877 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 17,944 പേര്‍ മരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 1.84 ശതമാനമായിരുന്നു.