ഭീമ കൊറെഗാവ് കേസ്: റോണ വില്‍സനും സുധീര്‍ ധവാലെയ്ക്കും ജാമ്യം ; ആറു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം
മുംബൈ: ഭീമ കൊറെഗാവ് കേസില്‍ മലയാളിയായ സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സനും മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ ധവാലെയ്ക്കും ജാമ്യം. ആറു വര്‍ഷത്തില്‍ അധികം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, കമാല്‍ ഖട്ട എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും 300ല്‍ അധികം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന് പുറമെ എല്ലാ തിങ്കളാഴ്ച്ചയും എന്‍ഐഎ ഓഫിസില്‍ ഹാജരാവണമെന്നും വ്യവസ്ഥയുണ്ട്.
സുപ്രിംകോടതി ജഡ്ജിയായിരുന്ന പി ബി സാവന്തിന്റെയും ബോംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ജി കൊല്‍സെ പാട്ടിലിന്റേയും നേതൃത്വത്തില്‍ 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയില്‍ അക്രമം ഉണ്ടായെന്ന പരാതിയിലാണ് ഈ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. മഹാരാഷ്ട്രയിലെ ബ്രാഹ്ണരെ ദലിതുകള്‍ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്റെ 200ാം വാര്‍ഷിക ആഘോഷമായിരുന്നു നടന്നത്.
പരിപാടി തടയാന്‍ മറാത്ത-ബ്രാഹ്മണ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭാജി ബ്രിഗേഡ് പോലുള്ള സംഘടനകളാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ, കേസ് രജിസ്റ്റര്‍ ചെയതപ്പോള്‍ മാവോവാദി ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സാമൂഹിക പ്രവര്‍ത്തകരെ പ്രതികളാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാന്‍ ആസൂത്രണം ചെയ്തു എന്ന ആരോപണവും കേസിലുണ്ട്. തെലുങ്ക് കവി വരവര റാവു, ദലിത് ബുദ്ധിജീവി ആനന്ദ് തെല്‍തുംദെ, മലയാളിയായ അധ്യാപകന്‍ ഹാനി ബാബു, ശോമ സെന്‍ തുടങ്ങി 16 പേരെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.