ബിർഭും അക്രമം: നാല് പേരെ സിബിഐ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു

കൂട്ടക്കൊല നടന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളുമുണ്ടായി. കഴിഞ്ഞ മാർച്ച് 25 നാണ് കൽക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

Update: 2022-04-07 13:47 GMT

മുംബൈ: ഒമ്പത് പേരുടെ മരണത്തിന് കാരണമായ ബിർഭും അക്രമക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ടീം. മുംബൈയിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്.

മാർച്ച് 21 ന് നടന്ന അക്രമസംഭങ്ങളെക്കുറിച്ചുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപോർട്ട് കൽക്കട്ട ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാൽ അക്രമത്തിന് കാരണമായെന്ന് സംശയിക്കപ്പെടുന്ന തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകവും സിബിഐ അന്വേഷിക്കണമെന്ന ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

സിബിഐ സമർപ്പിച്ച റിപോർട്ടിൽ സംഭവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്. രാംപൂർഹട്ട് ബ്ലോക്ക് ഒന്നിനു കീഴിലുള്ള ബാരിഷാൽ ഗ്രാമപഞ്ചായത്തിലെ ഡെപ്യൂട്ടി പ്രധാനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ദാദു ഷെയ്ഖാണ് കൊല്ലപ്പെട്ടത്. ബോഗ്തുയി ക്രോസിനു സമീപം നിൽക്കുമ്പോൾ രണ്ട് മോട്ടോർ സൈക്കിളുകളിലായെത്തിയ നാലംഗ സംഘം ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷെയ്ഖിനെ രാംപൂർഹട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിന് പിന്നാലെ ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ വ്യാപകമായി ആക്രമണങ്ങൾ ഉണ്ടായി. ബോംബാക്രമണവും നിരവധി വീടുകൾക്ക് അക്രമികൾ തീ വയ്ക്കുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി കത്തിക്കരിഞ്ഞ നിലയിൽ ഒമ്പത് മൃതദേഹങ്ങളാണ് പോലിസ് കണ്ടെടുത്തത്. സംഭവത്തിന് രാഷ്ട്രീയ മാനമില്ലെന്നായിരുന്നു ടിഎംസിയുടെ വാദം.

കൂട്ടക്കൊല നടന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളുമുണ്ടായി. കഴിഞ്ഞ മാർച്ച് 25 നാണ് കൽക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) കേസിന്റെ മുഴുവൻ രേഖകളും കസ്റ്റഡിയുള്ളവരെയും സിബിഐക്ക് കൈമാറാൻ കോടതി നിർദേശിച്ചിരുന്നു.

Similar News