ബിഹാറില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
ഗ്രാമവാസികളുടെ ആരോപണങ്ങളെല്ലാം ഭാര്യ ബീബി മുസാറത്തും സഹോദരി റിഹാനയും തള്ളിക്കളയുകയാണ്. എല്ലാ ദിവസവും രാത്രിയില്‍ പാലെടുക്കാന്‍ അദ്ദേഹം പോവാറുണ്ടായിരുന്നു. മോഷണത്തിന്റെ മറവില്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ആളുകള്‍ അദ്ദേഹത്തെ കൊന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് പോലിസ് നടപടിയെടുക്കണമെന്ന് അവര്‍ പോലിസിനോട് ആവശ്യപ്പെട്ടു.
പട്‌ന: ബിഹാറില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിനെ 'ആള്‍ക്കൂട്ടം' ക്രൂരമായി തല്ലിക്കൊന്നു. ബിഹാര്‍ അരായിയ ജില്ലയില്‍ ജോകിഹാത്തിലെ ചക്കായി യാദവ് തോലയില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. മഹല്‍ഗാവ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ബാലുവ തപ്ര തോല നിവാസിയായ ഇസ്മാഈല്‍ ആണ് കൊല്ലപ്പെട്ടത്. പാലെടുക്കുന്നതിന് വേണ്ടി പോവുന്ന വഴിക്കാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നതെന്ന് ഭാര്യ ആരോപിച്ചു. കേസിലെ പ്രതികളിലൊരാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലിസ് അറിയിച്ചു. പതിവുപോലെ പാലെടുക്കുന്നതിനായി പോയതായിരുന്നു ഇസ്മാഈല്‍.
എന്നാല്‍, ചക്കായിയിലെ യാദവ് തോലയില്‍വച്ച് ശനിയാഴ്ച രാത്രി വീട്ടില്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ഗ്രാമവാസികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചക്കായ് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ യാദവ് തോലയിലെ ഒരാളുടെ വീട്ടില്‍ മോഷണം നടത്താന്‍ യുവാവ് പോയെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. ഗ്രാമവാസികള്‍ വീട്ടുടമസ്ഥനൊപ്പം ചേര്‍ന്ന് ഇസ്മാഈലിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. അതിനുശേഷം ഗ്രാമത്തിലെ ചിലര്‍ അദ്ദേഹത്തെ ജോക്കിഹാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, മരണപ്പെടുകയായിരുന്നു. അതേസമയം, ഗ്രാമവാസികളുടെ ആരോപണങ്ങളെല്ലാം ഭാര്യ ബീബി മുസാറത്തും സഹോദരി റിഹാനയും തള്ളിക്കളയുകയാണ്.
എല്ലാ ദിവസവും രാത്രിയില്‍ പാലെടുക്കാന്‍ അദ്ദേഹം പോവാറുണ്ടായിരുന്നു. മോഷണത്തിന്റെ മറവില്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ആളുകള്‍ അദ്ദേഹത്തെ കൊന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് പോലിസ് നടപടിയെടുക്കണമെന്ന് അവര്‍ പോലിസിനോട് ആവശ്യപ്പെട്ടു. പോലിസ് ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോക്കിഹാത്ത് പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ വികാസ് കുമാര്‍ ആസാദ് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന ആദ്യത്തെ സംഭവമല്ല ഇത്. പത്ത് വര്‍ഷം മുമ്പ്, കേസ്ര ചൗക്ക് ഗ്രാമവാസികള്‍ മൂന്നുപേരെ മോഷണക്കുറ്റം ആരോപിച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയ സംഭവമുണ്ടായിട്ടുണ്ട്.