ബിഹാറിലെ കോണ്‍ഗ്രസിന്റെ തോല്‍വി; 'ഗാന്ധി സഹോദരങ്ങള്‍'ക്കെതിരേ ആഭ്യന്തര കലഹം ശക്തമാവും

Update: 2020-11-11 17:36 GMT

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയപ്രകടനം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം ശക്തമാക്കുമെന്ന് റിപോര്‍ട്ട്. മാസങ്ങള്‍ക്കു മുമ്പ് എഐസിസിയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വിമര്‍ശിച്ചതിനു പിന്നാലെ ഭിന്നത പരസ്യമായിരുന്നു. ഇപ്പോള്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയവും ആഭ്യന്തര കലഹം ശക്തിപ്പെടുത്തുമെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിനെതിരേയാണ് ചോദ്യങ്ങളുയരുക. നാലുമാസം മുമ്പ് പ്രതിഷേധമുയര്‍ന്നിട്ടും നേതാക്കളെ ഒന്നിച്ചുനിര്‍ത്താന്‍ ഇവര്‍ക്കായിട്ടില്ല. ''തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും ഇടതുപാര്‍ട്ടികളുമായുള്ള മഹാ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനമാണ് ദയനീയമെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

    ബിഹാറില്‍ മല്‍സരിച്ച 70 സീറ്റുകളില്‍ 19ല്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. ആര്‍ജെഡി 144 സീറ്റുകളില്‍ 75ല്‍ നിന്ന് വിജയിച്ചു. സഖ്യത്തിന്റെ ഭാഗമായിരുന്ന സിപിഐ-എംഎല്‍ പോലും മല്‍സരിച്ച 19 സീറ്റുകളില്‍ 12 ലും വിജയിച്ചു. ശരാശരി വിജയം നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റേതാണ് ദയനീയപരാജയം. ബിഹാര്‍ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്ത ഉത്തരവാദികളായ നേതാക്കളെയാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. 'മോശം സ്ഥാനാര്‍ഥി നിര്‍ണയം, എഐഐഎം ഘടകം, മൂന്നാംഘട്ട വോട്ടെടുപ്പിലെ വോട്ട് ധ്രുവീകരണം' എന്നിവയാണ് തോല്‍വിക്കു കാരണമെന്നാണ് കണക്കുകൂട്ടുന്നത്. മോശം മാനേജ്‌മെന്റാണ് മോശം പ്രകടനത്തിനു കാരണമെന്നാണ് വിമതര്‍ കുറ്റപ്പെടുത്തുന്നു.

    ''ഞങ്ങളെ പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ഞങ്ങളുടെ ബിഹാര്‍ നേതാക്കളെ മാറ്റിനിര്‍ത്തി. കഴിവില്ലാത്ത ഒരു കൂട്ടം ആളുകളെ ന്യൂഡല്‍ഹിയില്‍ നിന്ന് അയച്ചു''-വിമതരില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാല്‍, ബിഹാര്‍ തിരഞ്ഞെടുപ്പ് ഒറ്റപ്പെട്ടതായി കാണേണ്ടെന്നും മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് രീതിയുടെ ഭാഗമാണിതെന്നുമാണ് മറ്റൊരു വിഭാഗം വിമതര്‍ പറയുന്നത്. ബിഹാറില്‍ പ്രചാരണം നടത്തിയ ഒരേയൊരു മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. അദ്ദേഹത്തിന്റെ നിലപാട് പൂര്‍ണമായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ ആക്രമണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

    തൊഴിലില്ലായ്മയും അഴിമതിയും പ്രചാരണത്തിനുപയോഗിച്ച തേജസ്വി യാദവ്, 2015 നെ അപേക്ഷിച്ച് അഞ്ച് സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. ഇതെല്ലാം രാഹുല്‍ ഗാന്ധിയുടെ കഴിവിനെക്കുറിച്ച് ആഭ്യന്തര വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. ഗാന്ധി സഹോദരങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ പരാജയമാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.

    മാത്രമല്ല, പാര്‍ട്ടിയെ സ്വയം ഉയിര്‍ത്തെഴുന്നേല്‍പിക്കാന്‍ സഹായിക്കുന്ന മുഴുവന്‍ സമയ പ്രസിഡന്റിന്റെ ആവശ്യകതയും ഇവര്‍ ആവര്‍ത്തിക്കുന്നു. ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആഗസ്തില്‍ 20ലേറെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനു കത്തെഴുതിയതിനെ തുടര്‍ന്ന് മുഴുസമയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപടി മന്ദഗതിയിലാണ്.

    മധ്യപ്രദേശിലെ അധികാര നഷ്ടത്തിനു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് രാഹുല്‍-പ്രിയങ്ക-സോണിയ തുടങ്ങിയ ഗാന്ധി കുടുംബ നേതൃത്വം ചോദ്യം ചെയ്യുന്ന കത്തുകള്‍ നേതൃത്വത്തിനു വരാന്‍ തുടങ്ങിയത്. ഇതിനിടെ, രാജസ്ഥാനിലെ സ്ഥിതിഗതികള്‍ക്കു ശേഷം സര്‍ക്കാരിനെ നിലനിര്‍ത്താനായത് ആശ്വാസമായി. ആഗസ്തില്‍ നടന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി പാര്‍ട്ടി നേതാക്കളായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ എന്നിവരടങ്ങുന്ന ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയിലെ അനിശ്ചിതത്വവും വീഴ്ചയും ചൂണ്ടിക്കാണിക്കുകയും സത്യസന്ധമായ ആത്മപരിശോധന വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒമ്പത് കോണ്‍ഗ്രസ് നേതാക്കളെ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് രണ്ടാമത്തെ കത്ത് വന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ദയനീയ പ്രകടനത്തിന് ശേഷം അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച രാഹുല്‍ ഗാന്ധി തദ്സ്ഥാനത്തേക്കു തിരിച്ചുവരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

Bihar Results Revive Dissent In Congress, Questions Raised About Gandhis

Tags:    

Similar News