ബിജു ജോസഫിന്റെ മൃതദേഹം മാന്‍ഹോളില്‍നിന്നു പുറത്തെടുത്തു

Update: 2025-03-22 13:05 GMT
ബിജു ജോസഫിന്റെ മൃതദേഹം മാന്‍ഹോളില്‍നിന്നു പുറത്തെടുത്തു

ഇടുക്കി: തൊടുപുഴയില്‍ കാണാതായ ചുങ്കം സ്വദേശിയും കാറ്ററിങ് കമ്പനി മുന്‍ ഉടമയുമായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ മാന്‍ഹോളില്‍നിന്നു പുറത്തെടുത്തു. ഭിത്തിയടക്കം തുരന്നു പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. ബിജു ജോസഫ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടിരുന്നതായി ഇടുക്കി എസ്പി ടി കെ വിഷ്ണുപ്രദീപ് പറഞ്ഞു. ബിജു ജോസഫിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ച കേസില്‍ കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഒരാള്‍ തൊടുപുഴ സ്വദേശിയും മറ്റു രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്.

''വ്യാഴാഴ്ച രാവിലെ കാറിലാണ് ബിജുവിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയത്. ബിജു കാറില്‍ വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. പത്തു മണിയോടെ മൃതദേഹം ഗോഡൗണില്‍ എത്തിച്ചു. ഒന്നാം പ്രതി ജോമോനാണു ക്വട്ടേഷന്‍ കൊടുത്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. ജോമോന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കസ്റ്റഡിയിലായി. ഒരാള്‍ കാപ്പ നിയമപ്രകാരം ജയിലിലാണ്.''-എസ്പി വിശദീകരിച്ചു.

സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു കാരണമെന്നു പോലിസ് പറഞ്ഞു. ബിജുവും ജോമോനും തമ്മില്‍ ഏറെനാളായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ പങ്കാളികളായി നേരത്തേ ബിസിനസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കള്‍ ബിജുവിനെ കാണാനില്ലെന്നു പരാതി നല്‍കി.

പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്നുപേര്‍ കസ്റ്റഡിയിലായത്. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഗോഡൗണിലെ മാന്‍ഹോളില്‍ മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.

Similar News