ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി: ഇരയാക്കപ്പെട്ട കന്യാസ്ത്രി അപ്പീലുമായി ഹൈക്കോടതിയില്‍
തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ പ്രധാനമായും അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നത്.വിചാരണക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും
കൊച്ചി:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ ഇരയാക്കപ്പെട്ട കന്യാസ്ത്രി ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിച്ചു.തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ പ്രധാനമായും അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നത്.വിചാരണക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കേസില്‍ ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ജനുവരിയിലാണ് വിധി പുറപ്പെടുവിച്ചത്.കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കോടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ വിചാരണക്കോടതിയുടെ വിധി വന്നയുടന്‍ തന്നെ ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയും ഇവരെ പിന്തുണയ്ക്കുന്നവരും തീരുമാനിച്ചിരുന്നു.തുടര്‍ന്ന് ഇതിനുള്ള നടപടികളുമായി ഇവര്‍ മുന്നോട്ടു പോകുകയായിരുന്നു.അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷനും അറിയിച്ചിരുന്നു.