ബിജെപി ഭരണകൂടം ആര്‍എസ്എസ് അജണ്ട രാജ്യത്ത് പൂര്‍ണമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു: പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
വഖ്ഫ് സ്വത്തും മദ്‌റസ സംവിധാനവും തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വഖ്ഫ്-മദ്രസ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍: കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ആര്‍എസ്എസിന്റെ അജണ്ട പൂര്‍ണമായും രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. വഖ്ഫ് സ്വത്തും മദ്‌റസ സംവിധാനവും തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വഖ്ഫ്-മദ്രസ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം, ഏക സിവില്‍ കോഡ്, ഏക ഇലക്ഷന്‍, വഖ്ഫ് ഭേദഗതി ബില്ല്, മദ്‌റസകള്‍ക്കെതിരായ നീക്കം തുടങ്ങിയ ആര്‍എസ്എസ് താല്പര്യമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തെ ദുര്‍ബലമാക്കി കീഴ്‌പെടുത്തുന്നതിന് വിശ്വാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും ശാരീരികമായും ഉന്മൂലനം ചെയ്യുക എന്നതാണ് ഫാഷിസ്റ്റ് ശൈലി. വഖ്ഫ് നിയമ ഭേദഗതി, മദ്‌റസകള്‍ക്കെതിരായ നീക്കം എന്നിവയിലൂടെ ഇതാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.
രാജ്യത്ത് മുസ്‌ലിം വിഭാഗം മാത്രമല്ല മതപഠനശാലകള്‍ നടത്തുന്നത്. ഏത് മതം പഠിക്കാനും പഠിപ്പിക്കാനുള്ള ഭരണഘടനാപരമായ വകാശമുള്ള രാജ്യമാണ് നമ്മുടേത്. പൗരത്വം നിഷേധിക്കുന്ന എന്‍ആര്‍സിയേക്കാള്‍ ഭീകരമാണ് വഖ്ഫ് ഭേദഗതിക്ക് പിന്നിലുള്ള താല്‍പ്പര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് വഖ്ഫ് സ്വത്തിന്റെയും പേരില്‍ അവകാശവാദം ഉന്നയിക്കാനുള്ള സാഹചര്യം ഒരുക്കുക വഴി ബുള്‍ഡോസര്‍ രാജിനും പിടിച്ചെടുക്കുന്നതിനും, തകര്‍ക്കുന്നതിനുമുള്ള സാധ്യതയാണ് ബില്ല് പാസാകുന്നതിലൂടെ ഉണ്ടാവുക.
ഭരണഘടനയെ തന്നെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുക എന്നത് രാജ്യസ്‌നേഹികളായ പൗരസമൂഹത്തിന്റെ ബാധ്യതയാണ്. അതുകൊണ്ടാണ് ദേശവ്യാപകമായി എസ്ഡിപിഐ മദ്‌റസ-വഖ്ഫ് സംരക്ഷണ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നടത്തിവരുന്നത്. ഈ പൗരധര്‍മം നിറവേറ്റാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണമെന്നും എസ്ഡിപിഐ ഉയര്‍ത്തുന്ന ജനാധിപത്യ സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കാളികളാകണമെന്നും പി അബ്ദുല്‍ ഹമീദ് അഭ്യര്‍ത്ഥിച്ചു.
ഡെമോക്രാറ്റിക് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, എംഎസ്എസ് സംസ്ഥാന സമിതി അംഗം വി മുനീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി കെ മുനവിര്‍, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി അംഗം സക്കറിയ കമ്പില്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ധീന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ സ്വാഗതവും ജില്ലാ സെക്രട്ടറി ശംസുദ്ധീന്‍ മൗലവി നന്ദിയും അര്‍പ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസല്‍, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.